SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

ഇടപ്പള്ളി ക്ഷേത്രത്തിലെ കു​ഞ്ഞു​ഗ​ണ​പ​തി​യെ അ​ടി​ച്ചു​മാ​റ്റി​യ​ ​ക​ള്ള​ൻ​ ​പി​ടി​യിൽ

maha

കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്ര വളപ്പിലെ ഇ കാണിക്ക പെട്ടിയുടെ മുകളിലെ ഗണപതി രൂപം മോഷണം ചെയ്ത തമിഴ്നാട് സ്വദേശിയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ആർ. മഹാരാജയാണ് (63) കലൂർ കത്രിക്കടവ് പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് പിടിയിലായത്. മോഷണം പോയ ഗണപതി രൂപം വീട്ടിൽ നിന്ന് കണ്ടെടുത്തു.

സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഒക്ടോബർ 7ന് രാവിലെ 8.30നാണ് ക്ഷേത്രവളപ്പിലെ ഇ കാണിക്കയിൽ നിന്ന് പിച്ചളയിൽ തീർത്ത ഗണപതി രൂപം മോഷ്ടിച്ചത്. കാണിക്കപ്പെട്ടിയുടെ മുകളിൽ ഗണപതി രൂപത്തോട് ചേർന്നുള്ള കുട്ടയും ഇതിലുണ്ടായിരുന്ന പണവും പൂമാലയും പ്രതി കവർന്നു.

കുടുക്കിയത് സൈക്കിൾ

സി.സി ടിവിയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും മഹാരാജയുടെ മുഖം വ്യക്തമായിരുന്നില്ല. പ്രതി സ്ഥിരം സഞ്ചരിക്കാൻ ഉപയോഗിക്കുന്ന സൈക്കിൾ പിന്തുടർന്നുള്ള അന്വേഷണം നിർണായകമായി. പോണേക്കര, എളമക്കര ഭാഗങ്ങളിൽ വീടുകളിൽ പണിയെടുക്കുന്ന പ്രതി സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. സംഭവദിവസം ഗണപതി ക്ഷേത്രത്തിൽ എത്തിയതും കാരിയർ ഘടിപ്പിച്ച മഞ്ഞ നിറമുള്ള പഴയ സൈക്കിളിലായിരുന്നു. വെള്ള ഷർട്ടും കറുത്ത കൈലിയുമായിരുന്നു വേഷം. ഇന്നലെ രാവിലെ പോണേക്കര കാംപിയൻ സ്കൂളിന് സമീപത്തെ വീട്ടിൽ ഇതേ സൈക്കിളിൽ എത്തിയപ്പോഴാണ് എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുമ്പ് ഇടപ്പള്ളി നോർത്തിലെ റിലയൻസ് ഫ്രഷ് മാർക്കറ്റിന് സമീപം വാടക വീട്ടിൽ താമസിച്ചിരുന്ന മഹാരാജ ഇടയ്ക്കിടെ ഗണപതി ക്ഷേത്രത്തിൽ എത്താറുണ്ട്. മോഷണം നടന്ന ദിവസം മദ്യലഹരിയിലാണ് ദർശനത്തിന് എത്തിയതെന്നും വീട്ടിലെ പൂജാമുറിയിൽ വെച്ച് ആരാധിക്കാനാണ് ഗണപതി രൂപം മോഷ്ടിച്ചതെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നു. 24,000 രൂപ വിലപിടിപ്പുള്ള പിച്ചള രൂപം മറിച്ചു വിൽക്കാൻ കടത്തിയതാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. എളമക്കര എസ്.എച്ച്.ഒ പി.പ്രമോദ്, എസ്.ഐമാരായ ഇ.കെ അനിൽ കുമാർ, ടി.എ അഫ്സൽ, സീനിയർ സി.പി.ഒമാർ ആർ. ഗിരീഷ്, രഞ്ജിത്ത്, സി.പി.ഒ വിഷ്ണു സുകുമാരൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST, THEFT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY