SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

എബിന്റെ ചങ്ങാത്തം എ.ഐയോട്; ജീവിതം തകർത്തത് രാസലഹരി

കോലഞ്ചേരി: നാട്ടിൽ അധികം സൗഹൃദങ്ങളില്ല. വീടിന് പുറത്തിറങ്ങുന്നതും വിരളം. മനസിലുള്ള സംശയങ്ങൾ ചോദിച്ചറിയാൻ പോലും സുഹൃത്തുക്കളെ തേടിയില്ല. പകരം, ആശയവിനിമയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടി. എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിയുടെ പ്രധാന കവാടത്തിൽ തീയിട്ട കേസിൽ പിടിയിലായ പുത്തൻകുരിശ് വടയമ്പാടി പത്താംമൈൽ കുന്നത്ത് കവളംകുഴി എബിൻ ബി. പോളിന്റെ ജീവിതത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്.

സാമ്പത്തികമായി ഉയർന്ന കുടുംബപശ്ചാത്തലത്തിൽ വളർന്ന എബിൻ പഠനത്തിൽ മിടുക്കനായിരുന്നു. പൂനെയിലെ ഹൗസ് ഡിസൈനിംഗ് പഠിക്കാൻ പോയതോടെയാണ് മാറ്റങ്ങളുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. അവിടെവച്ച് രാസലഹരിക്ക് അടിമയായതോടെ പഠനവും വ്യക്തിജീവിതവും താളംതെറ്റി. എബിന്റെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞതോടെ പല സ്ഥലങ്ങളിലുമെത്തിച്ച് ചികിത്സ നൽകി. ദീർഘകാലം ചികിത്സകൾ നൽകിയിട്ടും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ലെന്നും അവർ പറയുന്നു.

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സഹോദരിയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എബിന്റെ അവസ്ഥയിൽ ആശങ്കപ്പെട്ടിരുന്നു. ചികിത്സയും പരിചരണവും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.

സമൂഹവുമായി ഇടപഴകുന്നതിൽനിന്ന് അകന്നുനിന്ന എബിൻ ചാറ്റ് ജി.പി.ടിയോട് സംശയങ്ങൾ ചോദിച്ച് മറുപടി തേടിയിരുന്നതായാണ് വിവരം.

ദുരൂഹം;​ കൊച്ചി യാത്രകൾ

എബിന്റെ ദൈനംദിന ജീവിതത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇയാൾ ആരുമായാണ് ബന്ധപ്പെട്ടിരുന്നതെന്നും എന്തിനാണ് കൊച്ചിയിലേക്ക് പോയിരുന്നതെന്നും വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരുടെ മൊഴി. പൊലീസിന്റെ അന്വേഷണത്തിനിടെയാണ് ഇയാളുടെ ബന്ധങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നതെന്നും കുടുംബം പറയുന്നു.

പൂനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന ബിരുദം നേടിയ എബിൻ കുറച്ചുകാലം ഹൗസ് ഡിസൈനിംഗ് രംഗത്ത് ജോലി ചെയ്തു. ഇതിനിടെ മാനസിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ചു.

വീട്ടിൽ കഴിയുന്നതിനിടെ പതിവായി ഫോൺ കോളുകൾ വരാറുണ്ടായിരുന്നെങ്കിലും ആരോടാണ് സംസാരിക്കുന്നതെന്നോ എന്താണ് വിഷയമെന്നോ വീട്ടുകാർക്ക് വ്യക്തമായിരുന്നില്ല. ഇടയ്ക്കിടെ കാറെടുത്ത് കൊച്ചി നഗരത്തിൽ പോകാറുണ്ടായിരുന്നു. ഈ യാത്രകളുടെ ലക്ഷ്യത്തെക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL