SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.47 AM IST

പാവങ്ങളുടെ വയറ്റത്തടിക്കുന്ന നിലപാട്: ഇ.പി. ജയരാജൻ

epjaya
ഇ.പി. ജയരാജൻ

കണ്ണൂർ: സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം നേതാവ് ഇ.പി ജയരാജൻ രംഗത്ത്. പാവപ്പെട്ട രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അന്നം മുട്ടിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജനങ്ങൾ തിരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ച ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടാകാൻ പാടില്ലെന്ന് ജയരാജൻ വ്യക്തമാക്കി. ആശുപത്രികളിൽ പൊതിച്ചോറ് വിതരണം മാത്രമല്ല ഡി.വൈ.എഫ്.ഐ നടത്തുന്നതെന്നും, രക്തദാനം, അവയവദാനം, ആശ്രയമില്ലാത്ത രോഗികൾക്ക് കൂട്ടിരിപ്പ്, പാലിയേറ്റീവ് പരിചരണം, ആംബുലൻസ് സൗകര്യം എന്നിവയെല്ലാം സംഘടന നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയം നോക്കാതെയാണ് ഇവയെല്ലാം നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'രാഷ്ട്രീയ വൈരാഗ്യത്തിന്റെ അതിപ്രസരവും അപക്വതയുമാണ് പാവങ്ങളുടെ വയറ്റത്തടിക്കുന്ന ഈ നിലപാടിന് പിന്നിലെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ഒരു മന്ത്രി എന്ന നിലയിൽ അപക്വത കാണിക്കുകയല്ല വേണ്ടതെന്ന് ജയരാജൻ പറഞ്ഞു. ഇത്തരം നിലപാടുകൾ സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖലയെ തകർക്കുന്നതിലേക്കാണ് വഴിവയ്ക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ തടയാനാണ് ശ്രമമെങ്കിൽ, നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ തുടരുമെന്നും ജനങ്ങളെയാകെ അണിനിരത്തി പിന്തുണ നൽകുമെന്നും വ്യക്തമാക്കിയാണ് ജയരാജൻ കുറിപ്പ് അവസാനിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL