
ഇരിട്ടി: കണ്ണൂരിനെ കുടകുമായി ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ മാക്കൂട്ടം–പെരുമ്പാടി ചുരം റോഡ് യാത്രാദുരിതത്തിന്റെ പിടിയിൽ. മാസങ്ങൾക്ക് മുമ്പെ തകർന്ന റോഡിന്റെ നവീകരണം വൈകുന്നതാണ് യാത്രാദുരിതത്തിന് പിന്നിൽ അപകടകരമായ വളവിലുള്ള കൂറ്റൻ കുഴികളിൽപെടുന്ന വലിയ ചരക്കുവാഹനങ്ങൾ കുടുങ്ങുന്നതും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതും ഇവിടത്തെ പതിവുകാഴ്ചയാണ്.
കഴിഞ്ഞദിവസം രാത്രി 11 മണിക്ക് ആരംഭിച്ച രൂക്ഷമായ ഗതാഗതക്കുരുക്ക് പുലർച്ചെ നാലോടെയാണ് ഒഴിവായത്.
ചരക്കുലോറികളും ദീർഘദൂര ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മലനിരകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. യാത്ര ദുരിതം പരിഹരിക്കാൻ അധികൃതർ വേഗത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വലിയ കുഴികളിൽ വാഹനങ്ങൾ വീണ് യാത്രക്കാരുടെ നടുവൊടിയുന്നതും ഇവിടത്തെ സങ്കടക്കാഴ്ചയാണ്. വീരാജ് പേട്ട, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവരാണ് ദുർഘടമായ റോഡിന് ഇരയാകുന്നത്. മഴ പെയ്താൽ യാത്ര കൂടുതൽ ദുഷ്കരമാകും.രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് വലിയ അപകടങ്ങൾക്കും വഴിവെക്കുന്നത്. വാഹനങ്ങൾ തകരാറിലായാൽ കൊടുംവളവുകളുള്ള ചുരത്തിൽ പിന്നാലെ വരുന്ന വാഹനങ്ങളും കുടുങ്ങും.
കോടികൾ ചിലവിട്ട് നവീകരിച്ചു;മാസങ്ങൾക്കുള്ളിൽ തകർന്നു
പെരുമ്പാടിയിൽനിന്ന് കേരള അതിർത്തി വരെയുള്ള 5.9 കിലോമീറ്റർ റോഡ് 11.75 കോടി ചെലവഴിച്ച് മൂന്ന് റീച്ചുകളായി അടുത്തിടെയാണ് നവീകരിച്ചത്. മഴ പെയ്തതോടെ ഇതിൽ ഏകദേശം 1.1 കിലോമീറ്റർ ഭാഗത്തെ ടാറിംഗ് പൂർണ്ണമായും ഒലിച്ചുപോയി . മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപമാണ് റോഡ് ഏറ്റവും അപകടകരമായ നിലയിലുള്ളത്.നവീകരണം കഴിഞ്ഞ് മാസങ്ങൾക്കകം റോഡ് തകർന്നടിഞ്ഞത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയും മേൽനോട്ടത്തെയും കുറിച്ച് പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്.
നവീകരിക്കാത്ത 5.8 കിലോമീറ്റർ ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പെരുമ്പാടി–ബിട്ടംകാല റൂട്ടിലെ 14 കിലോമീറ്റർ പാത 40 കോടി രൂപ ചെലവിൽ നവീകരിക്കാനുള്ള ശുപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |