നീലേശ്വരം: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് സമയം 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചുവെങ്കിലും സിലിണ്ടർ യഥാസമയം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി. 45 ദിവസം കഴിഞ്ഞ് ബുക്ക് ചെയ്ത സിലിണ്ടർ 7 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞാലും സിലിണ്ടർ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇത് പലപ്പോഴും ഏജന്റുമാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റങ്ങൾക്ക് വരെ കാരണമാവുന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം ഏജൻസികൾ കൃത്യമായി വിതരണം നടത്തുമ്പോഴും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസികളിൽ നിന്ന് കൃത്യമായി സിലിണ്ടർ ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്ടാണ് ഐ.ഒ.സിയുടെ ഏജൻസിയുള്ളത്. ഇവിടെ നിന്നും ഏഴോളം വാഹനങ്ങളാണ് ദിവസവും സിലിണ്ടർ വിതരണം നടത്തുന്നത്. എന്നാൽ ഒരു ദിവസം ആറായിരത്തോളം സിലിണ്ടർ ആവശ്യപ്പെട്ടാൽ 300-400 സിലണ്ടറുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഏജൻസി വക്താവ് വ്യക്തമാക്കി.
മറ്റ് കമ്പനികൾക്ക് ഉപഭോക്താക്കൾ കുറവായതിനാൽ കൃത്യമായി വിതരണം നടത്താൻ പറ്റുന്നു. കോഴിക്കോട്ടെ ചേളാരിയിൽ നിന്നും മംഗളൂരുവിലെ സ്വകാര്യ റീ ഫില്ലിംഗ് കേന്ദ്രത്തിൽ നിന്നുമാണ് ജില്ലയിലേക്ക് സിലിണ്ടറുകൾ എത്തിക്കുന്നത്. മംഗളൂരുവിലെ കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനാൽ ഇപ്പോൾ കോഴിക്കാട്ടു നിന്ന് മാത്രമാണ് സിലിണ്ടറുകൾ എത്തുന്നത്. ഇവിടെ നിന്ന് ലഭ്യത ആവശ്യത്തിനില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതു കാരണം 1600 ഓളം ഐ.ഒ.സി ഉപഭോക്താക്കൾ മറ്റു ഏജൻസികളിലേക്ക് മാറിയതായി ജില്ലയിലെ ഐ.ഒ.സി ഏജന്റായ സൺഷൈൻ ഏജൻസി മാനേജർ വ്യക്തമാക്കി.
ബുക്കിംഗിന് നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലുമുള്ള എല്ലാ ഉപഭോക്താക്കൾക്കും ഒരുപോലെ പുതിയ നിയമം ഉടനടി നിലവിൽ വരുമെന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുന്നത്.
നിയന്ത്രണങ്ങളിൽ ഇളവ്
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ വർഷം ആദ്യമാണ് ഗ്യാസ് ബുക്കിംഗിന് താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2026 മാർച്ച് മാസത്തിൽ പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലുള്ളവർക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവുമായിരുന്നു ബുക്കിംഗ് ഇടവേള നിശ്ചയിച്ചിരുന്നത്. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനുമായിരുന്നു അന്ന് ഈ ഘടന നടപ്പിലാക്കിയത്. നിലവിൽ രാജ്യത്ത് എൽ.പി.ജി ലഭ്യത വർധിക്കുകയും മുൻകാല ബുക്കിംഗുകൾ വേഗത്തിൽ തീർപ്പാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് മുൻപത്തേതിനേക്കാൾ 20 ദിവസം മുൻപ് തന്നെ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |