ജയിൽ നിറച്ച് ഓപ്പറേഷൻ തൂഫാൻ
കൊല്ലം: ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിക്കേസുകളും ഒപ്പം പോക്സോ കേസുകളും വർദ്ധിച്ചതോടെ ജില്ലയിലെ ജയിലുകൾ നിറയുന്നു.
അനുവദനീയമായ ശേഷിയിലധികമാണ് ജില്ലയിലെ രണ്ട് ജയിലുകളിലുമുള്ള തടവുകാർ. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ആക്ഷേപമുണ്ട്.
പത്തനംതിട്ടയിൽ ജയിലില്ലാത്തതിനാൽ 90 ശതമാനത്തോളം കേസുകളും കൊട്ടാരക്കരയിലേക്കാണ് എത്തുന്നത്. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ ഒരു ബ്ലോക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതും വിനയായി. ഓപ്പറേഷൻ തൂഫാൻ സജീവമായതാണ് ജയിലുകൾ നിറയാനുള്ള പ്രധാന കാരണം. പോക്സോ കേസുകളിൽ ജാമ്യവ്യവസ്ഥകൾ കർശനമാക്കിയത് മറ്റൊാരു കാരണമായി. ശിക്ഷിക്കപ്പെട്ട തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണുള്ളത്. പ്രശ്നക്കാരെ ഉൾപ്പെടെ തിരുവനന്തപുരത്തേക്ക് മാറ്റുന്നുണ്ടെങ്കിലും തിരക്കൊഴിയുന്നില്ല. കിടക്കാനുള്ള സൗകര്യം, ആഹാരം തുടങ്ങിയവയുണ്ടെങ്കിലും സ്ഥലപരിമിതി വീർപ്പുമുട്ടിക്കുന്നു. ഒരു തടവുകാരന് ചുറ്റുമതിലിനുള്ളിൽ കുറഞ്ഞത് 62.70 ചതുരശ്ര മീറ്റർ സ്ഥലം വേണമെന്നാണ് മോഡൽ പ്രിസൺ മാനുവൽ പറയുന്നത്. ജില്ലാ ജയിലിൽ ഇതിന്റെ അഞ്ചിലൊന്ന് പോലുമില്ല. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ ഉള്ളതാകട്ടെ ആവശ്യമായതിന്റെ മൂന്നിലൊന്ന് സ്ഥലം മാത്രം.
ചട്ടമൊക്കെ കുട്ടയിൽ
മോഡൽ പ്രിസൺ മാനുവൽ പ്രകാരം ഒരു ജയിൽ വാർഡന് പരമാവധി 6 തടവുകാരുടെ ചുമതലയാണുള്ളത്. 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ 24 മണിക്കൂർ ഡ്യൂട്ടി ക്രമീകരിക്കുമ്പോൾ 3 വാർഡന്മാർ വേണം. കൊട്ടാരക്കരയിൽ ആകെ 25 ജീവനക്കാരാണുള്ളത്. ഇതിൽ 14 പേർ വാർഡന്മാരാണ്. ജില്ലാ ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെ ആകെ 59 ജീവനക്കാരുണ്ട്. ഇതിൽ 50 പേർ വാർഡന്മാരാണ്. ഷിഫ്റ്റ്, ഓഫ് ഉൾപ്പെടെയുള്ളവ കഴിഞ്ഞാൽ 20- 25 പേരുടെ സേവനമാവും ലഭിക്കുന്നത്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ചട്ടം പാലിക്കുക അസാദ്ധ്യമാണ്.
കൂലിയുണ്ട്, പ്രതികൾക്ക് :
സ്കിൽഡ്, സെമി-സ്കിൽഡ് ജോലികൾ സാധാരണയായി സെൻട്രൽ ജയിലുകളിലാണ് ഉള്ളത്. ഇവയില്ലെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതുപോലുള്ള അവശ്യജോലികളിൽ ഏർപ്പെടുന്നവർക്ക് മറ്റ് ജയിലുകളിലും കൂലി നൽകാറുണ്ട്. തടവുകാർക്ക് പ്രതിമാസം പരമാവധി 25-26 ദിവസത്തെ ജോലിക്ക് വേതനം അനുവദിക്കാറുണ്ട്. നിലവിൽ സാധാരണ തൊഴിലാളിക്ക് 530 രൂപയോളമാണ് വേതനം. ജയിലുകളിൽ സുരക്ഷയൊരുക്കുന്ന വാർഡന് അലവൻസുകളില്ലാതെ വേതനം 930 രൂപ.
.
കൊല്ലം ജില്ലാ ജയിൽ :
1955 ജൂൺ 10ന് സ്ഥാപിതമായി
സ്ഥിതി ചെയ്യുന്നത് 56.13 സെന്റിൽ
13 സെല്ലുകളിലായി 92 പേരെ പാർപ്പിക്കാം
നിലവിൽ 186ഓളം തടവുകാർ
സിംഗിൾ സെല്ലുകളില്ല; ഒന്നിൽ കൂടുതൽ പ്രതികളെ പാർപ്പിക്കുന്ന ബാരക്കുകൾ
അവസാന നവീകരണം 2000ൽ
കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ
1959 ഫെബ്രുവരി 5ന് സബ് ജയിലായി തുടങ്ങി
സ്ഥിതി ചെയ്യുന്നത് 60 സെന്റിൽ
12 ബാരക്കുകളും 4 സെല്ലുകളും
69 പേരെ പാർപ്പിക്കാനുള്ള ഔദ്യോഗിക ശേഷി
നിലവിൽ 111 തടവുകാർ
അവസാന നവീകരണം 2013ൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |