
കാഞ്ഞിരമറ്റം: ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തിൽ നിർമ്മാണത്തിലിരുന്ന റിസോർട്ടിൽ സഹപ്രവർത്തകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിനുരാജ് (47) അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ്. കൊല്ലം മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ബിനുരാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വർക്കല സ്വദേശിയായ കോൺട്രാക്ടർ മനാഫിന്റെ തൊഴിലാളികളാണ് ഇരുവരും. മദ്യപിച്ചു വഴക്കിടുന്നത് പതിവായതിനാൽ ഇവരെ ഒരുമിച്ച് ജോലിക്ക് നിയോഗിക്കാറില്ലായിരുന്നു. എന്നാൽ വെൽഡിംഗ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനാഫ് ഇരുവരെയും ഞണ്ടുകാട് തുരുത്തിലേക്ക് അയക്കുകയായിരുന്നു. കൊലപാതകത്തിന് മുൻപ് മുജീബിനെ മർദ്ദിക്കുമെന്ന് ബിനുരാജ് മനാഫിന് വോയ്സ് സന്ദേശം അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതകത്തിന് ശേഷം ബിനുരാജ് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. വർക്കല സ്വദേശി രഞ്ജിത്താണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചു. സ്വന്തം പേരും വിലാസവും മറച്ചുവെച്ച പ്രതി, തിരിച്ചറിയൽ രേഖകളടങ്ങിയ പേഴ്സ് കോണോത്തുപുഴയിൽ എറിഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പുഴയുടെ തീരത്ത് പൊങ്ങിക്കിടന്ന പേഴ്സ് കണ്ടെടുത്തതോടെയാണ് ബിനുരാജാണ് പ്രതിയെന്ന് വ്യക്തമായത്.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള മുളന്തുരുത്തി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഫൊറൻസിക് വിദഗ്ദ്ധ ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
അതേസമയം, കൊലപാതകം നടന്ന റിസോർട്ട് നിർമ്മാണം അനുമതിയില്ലാതെയാണെന്ന് ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടരുകയായിരുന്നു. എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മുജീബിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |