
കോട്ടയം : ജില്ലയിൽ തേങ്ങയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും മികച്ച വില ലഭിച്ച് തുടങ്ങിയതോടെ തെങ്ങ് കൃഷിയിലേക്ക് കൂടുതൽ കർഷകർ തിരിയുന്നു. ഇതോടെ തെങ്ങിൻ തൈകൾക്കും ഡിമാൻഡേറി. കൃഷിഭവനുകളിലും സ്വകാര്യ നഴ്‌സറികളിലും തൈകൾ തേടിയെത്തുന്നവരേറിയതോടെ പല സ്ഥലങ്ങളിലും തൈകളുടെ ലഭ്യത പരിമിതമായി.
കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലും ദിവസേന നിരവധി കർഷകരാണ് തെങ്ങിൻതൈകൾ വാങ്ങാനെത്തുന്നത്. കുറ്റിയാടി, കുള്ളൻ, ഹൈബ്രിഡ് ഇനങ്ങളിലുള്ള തൈകൾക്കാണ് കൂടുതൽ ആവശ്യക്കാർ. സംസ്ഥാനത്തെ കൃഷിഭവനുകളിൽ നിന്ന് 17,648 തൈകൾ വിതരണം ചെയ്തു. മുൻവർഷങ്ങളിൽ കൃഷിഭവനുകളിൽ വിതരണത്തിനായി എത്തിച്ചിരുന്ന തെങ്ങിൻതൈകൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയായിരുന്നു. അതിനാൽ ഇത്തവണ തൈകളുടെ ഉത്പാദനവും കുറച്ചു. നിരവധി കർഷകർ സ്വകാര്യ നഴ്‌സറികളെ ആശ്രയിക്കുകയാണ്.
സ്വകാര്യ നഴ്സറികളിൽ തോന്നുംപടി വില
സ്വകാര്യ നഴ്‌സറികളിൽ സാധാരണ തെങ്ങിൻതൈയ്ക്ക് 250 രൂപയും, ഹൈബ്രിഡിന് 500 രൂപയുമാണ്. മികച്ച ഉത്പാദനക്ഷമതയും രോഗപ്രതിരോധ ശേഷിയുമുള്ളതിനാൽ കുറ്റിയാടി ഇനത്തിനാണ് ആവശ്യക്കാർ. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ 4,000 ഹൈബ്രിഡ് തൈകളും 1,900 കുള്ളൻ തൈകളും ഉത്പാദിപ്പിച്ചിട്ടുണ്ട്. ഉത്പാദനത്തിനാവശ്യമായ വിത്തുതേങ്ങ തൃശൂർ ചാവക്കാട്ടിൽ നിന്നാണ് ശേഖരിക്കുന്നത്.
തേങ്ങ, കൊപ്ര, വെളിച്ചെണ്ണ വില ഉയർന്നു
ചിരട്ടയ്ക്കും റെക്കാഡ് വില കിലോ 30 - 32 രൂപ
ഡിമാൻഡ് 3 വർഷം കൊണ്ട് കായ്ഫലം തരുന്ന തൈ
സങ്കരയിനമായ കുള്ളൻ തൈകളാണ് പലരും നട്ടത്
''തെങ്ങ് കൃഷിയോടുള്ള വർദ്ധിച്ചുവരുന്ന താത്പര്യം പരിഗണിച്ച് കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കണം. കൃഷിഭവനുകൾ വഴി കൂടുതൽ തെങ്ങിൻതൈകൾ വിതരണം ചെയ്യണം.
(എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |