
കോട്ടയം : അടവയ്ക്കാനുള്ള മുട്ടകൾ കിട്ടാതായതോടെ ജില്ലയിലെ താറാവ് കർഷകർ ദുരിതത്തിൽ. ചങ്ങനാശേരി, കുമരകം, ആർപ്പൂക്കര, അയ്മനം, കല്ലറ, വൈക്കം, തലയാഴം തുടങ്ങി പടിഞ്ഞാറൻ മേഖലകളിലെ നൂറുകണക്കിന് കർഷകരാണ് തിരിച്ചടി നേരിടുന്നത്. പുതിയ സീസൺ ആരംഭിച്ച സാഹചര്യത്തിൽ വിരിയിക്കാനുള്ള മുട്ടയുടെ ലഭ്യത കുറഞ്ഞതോടെ കുഞ്ഞുങ്ങളുടെ ഉത്പാദനവും പ്രതിസന്ധിയിലായി. കേരളത്തിലെ നാടൻ താറാവുകളെ തമിഴ്‌നാട്ടിലെത്തിച്ച് കുറഞ്ഞ ചെലവിൽ വളർത്തി ശേഖരിക്കുന്ന അടമുട്ടകളാണ് സംസ്ഥാനത്തെ ഹാച്ചറികളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ ആവശ്യത്തിന് മുട്ട ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം 10 രൂപയുണ്ടായിരുന്ന ഒരു അടമുട്ടയ്ക്ക് ഇപ്പോൾ 18 - 20 രൂപവരെ നൽകണം. താറാമുട്ട വിലയും 11 ൽ നിന്ന് 15 രൂപയായി ഉയർന്നു. ഒപ്പം തൂക്കവും കുറഞ്ഞു. മുൻപ് 68 - 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്ന മുട്ടകൾക്ക് ഇപ്പോൾ 48 - 50 ഗ്രാമാണുള്ളത്. തീറ്റയുടെ ലഭ്യത കുറഞ്ഞതാണ് കാരണം.
തീറ്റച്ചെലവ് താങ്ങാൻ വയ്യ
ആയിരം താറാവുകളുള്ള ഒരു ഫാമിൽ ദിവസേന തീറ്റയ്ക്ക് മാത്രം 6,000 രൂപയിലധികം ചെലവാകും. 50 കിലോ അരിച്ചാക്കിന്റെ വില ഒരു മാസത്തിനിടെ 1,350 രൂപയിൽ നിന്ന് 1,400 രൂപയായി. തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചു. അഞ്ച് മാസം പ്രായമാകുമ്പോഴാണ് താറാവുകൾ മുട്ടയിടാൻ തുടങ്ങുന്നത്. രണ്ടര മാസത്തോളം തുടർച്ചയായി മുട്ടയിട്ടശേഷം തൂവൽപൊഴിയും. 40 ദിവസത്തിന് ശേഷമാണ് വീണ്ടും മുട്ടയിടൽ. ഒരു താറാവ് ശരാശരി രണ്ടര വർഷത്തോളം മുട്ടയിടുകയും പിന്നീട്, ഇറച്ചിക്കായി വിൽക്കുകയും ചെയ്യുന്നു.
പിന്നിൽ അന്യസംസ്ഥാന ലോബി
പുതിയ സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാന ലോബികൾ കൂടുതൽ കുഞ്ഞുങ്ങളെ കേരളത്തിലെത്തിച്ച് വിപണി പിടിക്കാൻ ശ്രമിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ താറാവിൻ കുഞ്ഞുങ്ങളെ എത്തിച്ച് ലാഭം കൊയ്യാനുള്ള ശ്രമമാണ് അടമുട്ട ക്ഷാമത്തിന് പിന്നിലെന്നാണ് കർഷകരുടെ ആരോപണം.
''താറാവ് കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷിമന്ത്രിയ്ക്ക് നിവേദനം നൽകും.
(എബി ഐപ്പ്,കർഷക കോൺഗ്രസ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |