SignIn
Kerala Kaumudi Online
Monday, 24 August 2026 3.51 AM IST

ആമ്പൽപ്പൂക്കളുടെ വർണക്കാഴ്‌ച: സഞ്ചാരികളെ മാടിവിളിച്ച് മാനാപ്പള്ളി

ഉദയനാപുരം: മാനാപ്പള്ളിയിലെ കൊയ്‌തൊഴിഞ്ഞ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ വർണക്കുട വിരിച്ചുനിൽക്കുന്ന കാഴ്ച കാണാൻ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഒഴുക്ക്. വൈക്കം ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ കിഴക്കുമാറി മുട്ടുങ്കലിൽ നിന്ന് 500 മീറ്ററോളം തെക്കോട്ട് സഞ്ചരിച്ചാൽ ആമ്പൽപ്പൂക്കളുടെ വിസ്മയക്കാഴ്ചകളിലേക്കെത്താം. പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപ്പൂക്കൾക്കു മുകളിലൂടെ വട്ടമിട്ട് പറക്കുന്ന തുമ്പികളും ചിത്രശലഭങ്ങളും കാഴ്ചയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ഇവിടെനിന്നുള്ള സൂര്യാസ്തമയക്കാഴ്ചയും സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്. ഫെബ്രുവരിയോടെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാക്കിയ ശേഷം വെള്ളം കയറ്റിയിടുന്ന പാടത്താണ് ജൂൺ മാസത്തോടെ ആമ്പൽ വസന്തം വിരിയുന്നത്. അടുത്ത കൃഷിയുടെ സീസൺ ആരംഭിക്കുന്ന സെപ്തംബർ അവസാനം വരെ ആമ്പൽപ്പൂക്കളുടെ വസന്തം ഇവിടെ തുടരും.
സഞ്ചാരികൾക്ക് ആമ്പൽപ്പൂക്കളുടെ അടുത്തെത്തി കാഴ്ച ആസ്വദിക്കുന്നതിന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള വള്ളങ്ങൾ ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാറും ജനപ്രതിനിധികളായ കെ.ദീപേഷ്, പി.എൻ ബിൻസ്, ബി.ജിഷാ ഉദയകുമാർ, അജിത മധുകുട്ടൻ എന്നിവരും വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL