റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലും രഹസ്യ നിരീക്ഷണം
കോട്ടയം: ഓണക്കാലം മുതലെടുത്തുള്ള ലഹരി ഉപയോഗം തടയാൻ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് എക്സൈസും പൊലീസും. ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാൻ ടൂറിസം സംരംഭകർക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ടൂറിസം കേന്ദ്രങ്ങളിലെ വ്യാപക പരിശോധന പ്രായോഗികമല്ലാത്തതിനാൽ ലഹരി മാഫിയ അവസരം മുതലെടുക്കുകയാണെന്ന് പൊലീസ് പറയുന്നു.
വൻകിട റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും നേരിട്ട് പരിശോധന നടത്തുന്നത് ടൂറിസത്തെ ബാധിക്കുമെന്നതാണ് പ്രശ്നം. ടൂറിസ്റ്റുകൾക്ക് പ്രശ്നമില്ലാത്ത വിധം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം ഊർജിതമാക്കും.
ഓണം മുതലെടുക്കാൻ ലഹരി സംഘം
പരിശോധന കർശനമാക്കിയത് ഗുണമായെങ്കിലും ഓണമടുത്തതോടെ മാഫിയ സംഘം ലഹരി വിൽപ്പനയ്ക്ക് വൻസന്നാഹം നടത്തുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയെങ്കിലും ഇനിയും വൻസ്രാവുകളുണ്ടെന്നാണ് പൊലീസിന്റെ വിവരം. മുൻപ് ഓണമാകുമ്പോൾ വാറ്റുകാരായിരുന്നു കളത്തിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഹൈബ്രിഡ് കാഞ്ചാവും രാസലഹരിയും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. സ്ഥിരം കഞ്ചാവ് കച്ചവടക്കാർ, ഇപ്പോൾ പിടിയിലായവരുടെ സുഹൃത്തുക്കൾ എന്നിവരടക്കമുള്ളവരെ നിരീക്ഷിച്ചും നേരിട്ടുകണ്ടുമാകും പ്രവർത്തനം.
വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും എത്തിക്കാനുള്ള സാദ്ധ്യതയും മുൻകൂട്ടിക്കാണുന്നുണ്ട്. പതിവ് ലഹരി കച്ചവടക്കാർ നിരീക്ഷണത്തിലായതോടെ പുതിയ ആളുകളെ ഉപയോഗിക്കുകയാണ്.
ഭായിമാരെ ഉപയോഗിക്കുന്നു
അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കാൻ അന്യ സംസ്ഥാനക്കാരുടെ പ്രത്യേക സംഘം ഇപ്പോഴും സജീവമാണെന്നാണ് പൊലീസിന്റെയും എക്സൈസിന്റെയും കണ്ടെത്തൽ.
ചിലർ അറസ്റ്റിലായെങ്കിലും കഞ്ചാവ് എത്തിച്ച് മടങ്ങുന്ന സംഘം ഇപ്പോഴുമുണ്ടെന്നാണ് വിവരം.
കഞ്ചാവുമായി റെയിൽവേ സ്റ്റേഷനുകളിലെത്തി ഏതെങ്കിലം ഭാഗത്ത് ബാഗ് ഉപേക്ഷിച്ച് ഇവർ മടങ്ങും. മറ്റൊരു സംഘം ഇതുമായി പോകുന്ന രീതിയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |