നെഹ്‌റു ട്രോഫി സ്വന്തമാക്കാൻ കോട്ടയത്തു നിന്നു പോയ 5 ചുണ്ടൻ വള്ളങ്ങളും ഫൈനൽ കാണാതെ പുറത്തായെങ്കിലും കോട്ടയംകാർ 'കൂലിക്കു തുഴഞ്ഞ' ചുണ്ടൻ വള്ളങ്ങൾ ഫൈനലിലെത്തുകയും കപ്പടിക്കുകയും ചെയ്തതിനെക്കുറിച്ചാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
ഒരു കോടി രൂപയോളം ചെലവഴിച്ച് ഒരു മാസം വരെ തീവ്രപരിശീലനം നടത്തിയ ചുണ്ടനു വരെ പച്ചതപ്പാനായില്ല. കാശെറിയാൻ സ്പോൺസർമാർ ഉണ്ടായിട്ടും നല്ല തുഴച്ചിൽകാരെ ഒപ്പം നിറുത്താൻ കോട്ടയം ടീമുകൾക്കു കഴിഞ്ഞില്ല. ആലപ്പുഴയിലും കൊല്ലത്തുമുള്ള ടീമുകൾ കൂടുതൽ കൂലി നൽകി കോട്ടയത്തെ തുഴച്ചിൽ കാരെ 'വിലക്കുവാങ്ങി' അവർ മികവ്കാട്ടി ടീമിന് നെഹ്‌റു ട്രോഫി
നേടിക്കൊടുത്തുവെന്നാണ് മത്സരഫലം തെളിയിക്കുന്നത്.
കുമരകം ബോട്ട് ക്ലബ് മാത്രമായിരുന്നു നേരത്തേ ഉണ്ടായിരുന്നത് നിരവധി തവണ നെഹ്‌റു ട്രോഫി നേടിയതോടെ കുട്ടനാട്ടെ മറ്റു ബോട്ട് ക്ലബുകൾക്ക് കുമരകംകാർ പേടി സ്വപ്നവുമായി. 'ആരടാ വലിയവൻ' തർക്കം ശക്തമായതോടെ കുമരകം ബോട്ട്ക്ലബ് പിളർന്നു ടൗൺ ബോട്ട് ക്ലബും ഉണ്ടായി. പിന്നീട് എൻ.സി.ഡി.സി ടീമായി. എയ്ഞ്ചൽ ബോട്ട് ക്ലബ്. തിരുവാർപ്പ്, നാട്ടകം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലും ബോട്ട്ക്ലബുകൾ ഉണ്ടായി. ചിലതു ഒരു മത്സരത്തോടെ പൂട്ടിക്കെട്ടി
പല ടീമായതോടെ പഴയ പോരാട്ട വീര്യം ഇല്ലാതായി. നെഹ്‌റു ട്രോഫിയുടെ ഫൈനലിൽ എത്താൻ പല വർഷങ്ങളിലും കോട്ടയത്തെ ടീമുകൾക്കു കഴിയാതായി. അതോടെ സ്പോൻസർമാർ കൈവിട്ടു. വള്ളംകളി ആവേശത്തിൽ കടം വാങ്ങി മത്സരത്തിനിറങ്ങി ബോട്ട് ക്ലബ് ഭാരവാഹികളിൽ പലരും കടക്കാരായതോടെ പല ക്ലബുകൾക്കും മത്സരത്തിനിറങ്ങാൻകഴിയാതായി.
ഈ വർഷം ആർപ്പുക്കര, പുണ്യാളൻ എന്നീ പുത്തൻ ചുണ്ടൻ വള്ളങ്ങളും കാശിറക്കാൻ സ്പോൺസർമാരുമുണ്ടായെങ്കിലും ഒരു മാസം നീണ്ട തീവ്രപരിശീലനത്തിലെ മികച്ച സമയത്തിനടുത്തെങ്ങും നെഹ്‌റു ട്രോഫി മത്സരത്തിൽ എത്താനായില്ല. (രണ്ടോ മൂന്നോ ദിവസം പരിശീലനം നടത്തിയ കോട്ടയത്തെ ചില ടീമുകൾ മികവ് കാട്ടിയതും 21 ടീമുകൾ മത്സരിച്ചതിൽ മൂന്നു ടീമുകൾ ആദ്യത്തെ ഒമ്പതു സ്ഥാനങ്ങളിൽ കടന്നുകൂടി ബോട്ട് ലീഗിൽ മത്സരിക്കാൻ യോഗ്യതനേടിയതും മറക്കുന്നില്ല)
പഴയ പ്രതാപം മാത്രം അയവിറക്കുന്ന കുമരകം ടീമുകളുടെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടതോടെ നല്ല കളിക്കാർ ജില്ല വിട്ടുമറ്റു ടീമുകളിൽ മത്സരിക്കാൻ തയ്യാറായതിൽ അവരെ കുറ്റം പറയുന്നില്ല. അവരുടെ തുഴച്ചിൽ കഴിവിൽ വിശ്വാസംവന്നതു കൊണ്ടാണ് പറയുന്ന കൂലി കൊടുക്കാൻ മറ്റു ടീമുകൾ തയ്യാറായത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കളിക്കാരില്ലാതെ നമ്മുടെ തുഴച്ചിൽക്കാർ മാത്രമുള്ള ഒരു കോട്ടയം ടീം ഉണ്ടാക്കി അവർ എന്നെങ്കിലും നെഹ്‌റു ട്രോഫി സ്വന്തമാക്കുമോ എന്നത് ഉത്തരം തേടേണ്ട ചോദ്യം മാത്രമല്ല ഒരു സ്വപ്നവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |