
പത്തനംതിട്ട : പോസ്റ്റ് ഓഫീസുകൾ നിറുത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ ഉത്തരവിൽ ജില്ലയിൽ അടച്ചുപൂട്ടിയത് മൂന്ന് പോസ്റ്റ് ഓഫീസുകൾ. വരും ദിവസങ്ങളിൽ കൂടുതൽ പോസ്റ്റൽ ഓഫീസുകൾക്ക് പൂട്ടുവീണേക്കും. പത്തനംതിട്ട ജില്ലയിൽ ആകെ രണ്ട് ഡിവിഷനുകളാണ് ഉള്ളത്. പത്തനംതിട്ടയും തിരുവല്ലയും. പത്തനംതിട്ടയിൽ മാക്കാംകുന്ന് , കോഴഞ്ചേരി പോസ്റ്റ് ഓഫീസുകൾ പൂട്ടിയപ്പോൾ തിരുവല്ല ഡിവിഷന്റെ പരിധിയിലെ മുട്ടുമൺ പോസ്റ്റ് ഓഫീസാണ് നിറുത്തലാക്കിയത്. ഇവിടെയുള്ള ജീവനക്കാരെ മറ്റ് പോസ്റ്റോഫീസിലേക്ക് മാറ്റി. മാക്കാംകുന്ന് പോസ്റ്റ് ഓഫീസിലെ ഇടപാടുകൾ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കും കോഴഞ്ചേരിയിലെ സബ് പോസ്റ്റ് ഓഫീസിലേക്കും മുട്ടുമണ്ണിലേത് കുമ്പനാട് പോസ്റ്റ് ഓഫീസിലേക്കും മാറ്റി.
വരുമാനമില്ലേൽ പൂട്ടു വീഴും
കേന്ദ്ര സർക്കാരിന്റെ പോസ്റ്റൽ ആക്ട് ഭേദഗതിയുടെ അടിസ്ഥാനത്തിൽ മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ ഒന്നിലധികം ഓഫീസുകൾ ഉള്ളയിടങ്ങളിലെ പോസ്റ്റ് ഓഫീസുകളും ജീവനക്കാരുടെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വരുമാനം ലഭ്യമാകാത്ത ഓഫീസുകളുമാണ് നിറുത്തലാക്കിയത്. മാക്കാംകുന്ന് പോസ്റ്റൽ ഓഫീസ് കാതോലിക്കേറ്റ് കോളേജിന് സമീപവും കോഴഞ്ചേരി സെന്റ് തോമസ് കോളേജിന് സമീപവുമുള്ള പോസ്റ്റ് ഓഫീസ് നിറുത്തലാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കോളേജുകളിൽ നിന്നുമുള്ള രജിസ്റ്റേർഡ് പോസ്റ്റുകളാണ് ഇവിടെ കൂടുതലായും വന്നിരുന്നത്. മുട്ടുമൺ പോസ്റ്റ് ഓഫീസിൽ ഇടപാടുകൾ നടക്കുന്നുണ്ടായിരുന്നില്ല. പോസ്റ്റ് ഓഫീസ് മാറ്റം വന്നതോടെ പിൻകോഡുകൾ മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ആധാർ അടക്കമുള്ള ഔദ്യോഗിക രേഖകളിൽ പോസ്റ്റ് ഓഫീസ് രേഖപ്പെടുത്താറുണ്ട്.
ജില്ലയിൽ ആകെ പോസ്റ്റൽ ഡിവിഷനുകൾ - 2
പത്തനംതിട്ട, തിരുവല്ല
ഹെഡ് പോസ്റ്ര് ഓഫീസുകൾ : അടൂർ, പത്തനംതിട്ട, പുനലൂർ,
തിരുവല്ല , ചെങ്ങന്നൂർ
പത്തനംതിട്ട പരിധിയിൽ
75 സബ് ഓഫീസുകൾ
233 ബ്രാഞ്ച് ഓഫീസുകൾ
തിരുവല്ല പരിധിയിൽ
64 സബ് ഓഫീസുകൾ
92 ബ്രാഞ്ച് ഓഫീസുകൾ
ഇടപാടുകളിൽ തടസം ഉണ്ടാവില്ല. സേവനങ്ങൾ കൃത്യമായി നൽകും.
പോസ്റ്റ് ഓഫീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |