SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

ദേശീയപാത 183 എ: അലൈൻമെന്റിന് പുതിയ കൺസൾട്ടൻസി

road

പത്തനംതിട്ട : ദേശീയ പാത 183 എ വികസനം പ്രതിസന്ധിയിലായതിനെ തുടർന്ന് നിലവിലെ കൺസൾട്ടൻസിയെ ഒഴിവാക്കി. പുതിയ കൺസൽട്ടൻസിക്ക് വേണ്ടി കരാർ ക്ഷണിച്ചു. പുതിയ അലൈൻമെന്റ് അനുസരിച്ച് ഡി.പി.ആർ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് മുംബൈ ആസ്ഥാനമായ കൺസൾട്ടൻസിയെ മാറ്റിയതെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ പറഞ്ഞു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെ തുടർന്ന് റോഡിന്റെ വീതി കുറയ്ക്കാൻ നിർദേശം ഉയർന്നിരുന്നു.

എതിർപ്പ് മൂലം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനായില്ല. ഇതേ തുടർന്ന് ഡി.പി.ആറിൽ മാറ്റം വരുത്തണമെന്ന് ആന്റോ ആന്റണി എം.പി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. മുംബയ് ആസ്ഥാനമായ കൺസൾട്ടൻസി കമ്പനിക്കാണ് ഡി.പി.ആർ തയ്യാറാക്കാൻ കരാർ നൽകിയത്. അവർ പഠനം പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിക്കേണ്ട ഘട്ടത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പി കത്തുനൽകിയത്. ബൈപ്പാസുകളുടെ വീതി കുറയ്ക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. മുപ്പത് മീറ്ററിൽ നാലുവരി പാതയായി ബൈപ്പാസ് നിർമ്മിക്കണമെന്നായിരുന്നു പദ്ധതി നിർദ്ദേശം. എം.പിയുടെ ആവശ്യപ്രകാരം18 മീറ്ററിൽ രണ്ടുവരിയായി കുറച്ചു.

നഷ്ടമായത് എട്ടു വർഷം

മൂന്ന് ജില്ലകളിലെ റോഡ് ഗതാഗതത്തിൽ നാഴികക്കല്ലാകേണ്ടിയിരുന്ന ദേശീയ പാത 183 എ വികസനം എട്ടു വർഷമായിട്ടും രൂപരേഖയിൽ ഒതുക്കിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പാണ് റോഡ് വികസനത്തിന് പ്രധാന തടസമായത്.

നീളം : 116 കിലോമീറ്റർ, വീതി : 16 മീറ്റർ, രണ്ടുവരി പാത

ബൈപ്പാസുകൾ : 18 മീറ്റർ, രണ്ടുവരി

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനം

പാത ഇങ്ങനെ

കൊല്ലം ജില്ലയിലെ ഭരണിക്കാവ് (തഴവ/ശൂരനാട് ഭാഗം) നിന്നാരംഭിച്ച് അടൂർ, പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, വടശേരിക്കര, പെരുനാട്, പ്ലാപ്പള്ളി, ആങ്ങമൂഴി വഴി കോട്ടയം ജില്ലയിലെ വണ്ടൻമേട്/ കുമളി അല്ലെങ്കിൽ ഗവി പാതയോട് ചേർന്ന് വനമേഖലയിലൂടെ കടന്നുപോകുന്നു.

തീർത്ഥാടന പാത : പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന പാതയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL