
വർക്കല: എന്തിനാടാ എന്നോട് ഇത്രയ്ക്ക് ദേഷ്യം...ചെറുന്നിയൂർ അമ്പിളി ചന്തയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചോദ്യമാണിത്. സാമൂഹ്യവിരുദ്ധരോടാണ് ചോദ്യം. കാരണം ഇവരുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കാത്തിരിപ്പ് കേന്ദ്രം.
രാത്രിയായാൽ കാത്തിരിപ്പുകേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമാകും.പിന്നെ മദ്യപാനവും തമ്മിൽത്തല്ലും മറ്റും ഇവിടെ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുവരുകളിൽ മുഴുവൻ അസഭ്യം എഴുതി വയ്ക്കലും,വൈദ്യുതി മീറ്റർ നശിപ്പിക്കലുമാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി.
കാത്തിരിപ്പ് കേന്ദ്രത്തിൽ വൈദ്യുതിയില്ലാത്തതിനാൽ ഇതിനെല്ലാം കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.കേന്ദ്രത്തിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിന് ഗ്രാമപഞ്ചായത്ത് പണമടച്ചിരുന്നു.എന്നാൽ ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.ഇപ്പോൾ മീറ്റർ ബോർഡുകളും വയറിംഗും എല്ലാം സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിലാണ്.പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ബസും നിറുത്താറില്ല
ബസ് നിറുത്തുന്ന സ്ഥലത്താണ് ബസ് സ്റ്റോപ്പിന് ഗ്രാമപഞ്ചായത്ത് അനുമതി തേടിയത്.എന്നാൽ പി.ഡബ്ല്യു.ഡി ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മാറിയാണ് അനുമതി ലഭിച്ചത്.ഇവിടെ കാത്തിരിപ്പ് കേന്ദ്രം പണിയുകയും ചെയ്തു.എന്നാൽ ഈ സ്ഥലത്ത് യാതൊരു ബസും നിറുത്താറില്ല.ഇതിനെതിരെ വർക്കല ആർ.ടി.ഒയ്ക്ക് നിരവധിത്തവണ പരാതി നൽകിയിരുന്നങ്കിലും ഫലമുണ്ടായിട്ടില്ല.
അഡ്വ.അടൂർ പ്രകാശ് എം.പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം
സ്കൂളിന് സമീപത്താണീ കാത്തിരിപ്പ് കേന്ദ്രം. കുട്ടികൾക്കും സ്ത്രികൾക്കും പെൺകുട്ടികൾക്കും കാത്തിരിപ്പുകേന്ദ്രത്തിൽ കയറാൻ കഴിയാത്ത രീതിയിലാണ് ചുവർ ചിത്രങ്ങൾ
ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടവും നടക്കുന്നതായി പരാതി
ബസ് സ്റ്റോപ്പിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനും,അസഭ്യവാക്കുകൾ നീക്കം ചെയ്യാനും,സ്റ്റോപ്പിൽ ബസുകൾ നിറുത്താനും അടിയന്തരമായി നടപടി സ്വീകരിക്കണം.
ശശികല.എസ്,
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്,
സെക്രട്ടറി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |