SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.36 AM IST

അച്ഛനേയും മകനേയും കെട്ടിയിട്ട് മർദ്ദിച്ച പ്രതികൾ കീഴടങ്ങി

poli

കിളിമാനൂർ: വെള്ളല്ലൂർ വട്ടവിളയിലെ പണി പൂർത്തിയാകാത്ത വീട്ടിലേക്ക് ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ ചിതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുഖ്യപ്രതി മതിര തെറ്റിമുക്ക് കിഴക്കുംകര വീട്ടിൽ സുധീഷ് (28),കുമ്മിൾ തൃക്കണ്ണാപുരം അരുൺ ഭവനിൽ അരുൺ (21),കുമ്മിൾ കൊണ്ടോടി നമ്പലച്ചിറ വീട്ടിൽ ആരോമൽ (21), തൃക്കണ്ണാപുരം രാഹുൽ ഭവനിൽ ലാൽ കൃഷ്ണ (20) എന്നിവരാണ് ചിതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച വടശേരിക്കോണം ആര്യ ഭവനിൽ അനിൽകുമാർ (51), മകൻ അച്ചു (21) എന്നിവർക്കാണ് പ്രതികളിൽ നിന്നും ക്രൂര മർദ്ദനമേറ്റത്. അനിൽകുമാറിന്റെ മകളെ സുധീഷിന് വിവാഹം ചെയ്ത് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അനിൽ കുമാറിനെയും ഭാര്യയെയും വിളിച്ചുവരുത്തി താൻ നല്ലവനാണെന്ന് വരുത്തിതീർക്കാനും വിശ്വസിക്കാത്ത പക്ഷം ഭീഷണിപ്പെടുത്തി മകളെ വിവാഹം കഴിച്ചുനൽകാൻ സമ്മതിപ്പിക്കുകയുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം നാടുവിട്ട പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ, കിളിമാനൂർ സി.ഐ നിസാർ, എസ്.ഐ ഓസ്റ്റിൻ ഡി. ഡെന്നിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

 തലമുണ്ഡനം ചെയ്ത് രൂപമാറ്റം

കുറ്റകൃത്യത്തിന് ശേഷം ബൈക്കുകൾ ഉപേക്ഷിച്ച് ഓട്ടോയിൽ സ്വന്തം നാട്ടിലെത്തിയ പ്രതികൾ, അവിടെ നിന്ന് കുളത്തൂപ്പുഴ ക്ഷേത്ര പരിസരത്തെത്തി രാത്രി അവിടെ തങ്ങി. അടുത്ത ദിവസം മധുര മീനാക്ഷി ക്ഷേത്രത്തിലും തുടർന്ന് പളനിയിലേക്കും പോയി. അവിടെ സുധീഷും അരുണും തല മുണ്ഡനം ചെയ്ത് ക്ഷേത്ര ദർശനത്തിനെത്തിയെങ്കിലും തിരക്കുകാരണം കഴിഞ്ഞില്ല. പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ സുധീഷ് ഒഴികെയുള്ള പ്രതികൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഒടുവിൽ സുധീഷും ഇവർക്കൊപ്പം തിരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെ പ്രതികളുടെ നാട്ടിലെ അടഞ്ഞുകിടക്കുന്ന തെറ്റിമുക്കിലെ ക്വാറിയിലെത്തി അവിടെ തങ്ങി. വൈകിട്ടോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സുധീഷിനെ നാട്ടുകാരിൽ ചിലർ തിരിച്ചറിഞ്ഞു. തടഞ്ഞു വയ്ക്കുന്നതിനിടെ സുധീഷ് ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് വ്യാപക തെരച്ചിൽ നടത്തി. പിടിയിലാകുമെന്ന് ഉറപ്പായതോടെ സുധീഷ് ഒഴികെയുള്ള പ്രതികൾ ഇന്നലെ രാവിലെയും സുധിഷ് ഉച്ചയോടെയും ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL