
തൃശൂർ: കേരള കലാമണ്ഡലത്തിൽ അദ്ധ്യാപകർക്ക് മൂന്നുമാസമായി ശമ്പളമില്ല. സ്ഥിര,താത്കാലിക വിഭാഗങ്ങളിലായി 82 അദ്ധ്യാപകരുടെ ശമ്പളമാണ് കുടിശിക. യു.ജി.സി വിഭാഗത്തിലെ 20ഉം നോൺ യു.ജി.സിയിലെ 32ഉം താത്കാലികക്കാരായ 30ഉം ഉൾപ്പടെയുള്ളവരുടെ ശമ്പളം സർക്കാരിൽനിന്ന് ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്നാണ് അധികാരികളുടെ പക്ഷം. നോൺപ്ലാൻ ഫണ്ടിൽ നിന്നാണ് അദ്ധ്യാപകർക്കുള്ള ശമ്പളം. നാളുകളായി ഇത് ഗഡുക്കളായാണ് നൽകുന്നത്. ജൂലായിലെ ശമ്പളം 70 ശതമാനം വരെയാണ് ഇതുവരെ നൽകിയത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരുകളെ സമീപിക്കുന്നുണ്ടെങ്കിലും കലാമണ്ഡലത്തിന് അവഗണന മാത്രമാണ്. കലാമണ്ഡലത്തിന്റെ ആകെയുള്ള 33 ഏക്കറിൽ പുത്തൻ സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി വേണ്ടെന്നുവച്ചതുപോലും ഈ അവഗണനയേത്തുടർന്നാണ്.
വേണ്ടത് 34 കോടി; കിട്ടുന്നത് 15കോടി
ആകെയുള്ള 82 അദ്ധ്യാപകരുടെയും 11 അനദ്ധ്യാപകരുടെയും ശമ്പളത്തിനായി പ്രതിവർഷം 13 കോടിയിലേറെ രൂപ കലാമണ്ഡലത്തിന് ആവശ്യമാണ്. ഇതിനുപുറമെ ദൈനംദിന ചെലവുകൾക്ക് ഒരു കോടിയും പ്ലാൻ ഫണ്ടിലേക്ക് 20 കോടിയിലേറെയും വേണം. ആകെ 34 കോടി വേണമെന്നിരിക്കെ ലഭിക്കുന്നത് വെറും 15 കോടി മാത്രം.
ചാൻസലർ അധിക ബാദ്ധ്യത
ഗവർണർ വഹിച്ചിരുന്ന ചാൻസലർ പദവി ഒരു രൂപപോലും ശമ്പളം വേണ്ടെന്ന് പറഞ്ഞ് ഏറ്റെടുത്ത മല്ലിക സാരാഭായ് നിലവിൽ വാങ്ങുന്ന ശമ്പളം രണ്ടുലക്ഷമാണ്. 25,000 'ഇല്ലാത്ത' ഓഫീസ് മെയിന്റനൻസിനും. കലാമണ്ഡലത്തിലെത്തുമ്പോൾ താമസ സൗകര്യം പുറത്തൊരുക്കുന്നതിന് ചെലവ് വേറെയും. ഗവർണർ ചാൻസലർ പദവിയിലിരിക്കുമ്പോൾ ചെലവുകളൊന്നും തന്നെ ഇല്ലായിരുന്നു.
ആകെ അദ്ധ്യാപകർ...............82
താത്കാലികം..........30
സ്ഥിരം അദ്ധ്യാപകരുടെ ശമ്പള സ്കെയിൽ:
ഗ്രേഡ് വൺ..........35,000 മുതൽ
ഗ്രേഡ് ടു.............29,000 മുതൽ
താത്കാലിക അദ്ധ്യാപകർക്ക് പ്രതിദിനം............1,300
ആകെ വിഭാഗങ്ങൾ..............14
ആകെ കുട്ടികൾ: സ്കൂൾ, കോളേജ്..........570ലേറെ
ശമ്പളവിതരണം ഇപ്പോഴും ഗഡുക്കളായാണ്. സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ നൽകാനാകൂ.
ഡോ.ബി.അനന്തകൃഷ്ണൻ,വൈസ് ചാൻസലർ,
കേരള കലാമണ്ഡലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |