SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.24 AM IST

കാടുകയറി പഞ്ചായത്ത് ഭൂമി  ഇഴജന്തുക്കളുടെ താവളമാകുന്നു 

pancha
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുൽപ്പള്ളി ടെലിഫോൺ എക്സ്‌ചേഞ്ചിന്റെ സമീപത്തെ സ്ഥലം സംരക്ഷണമില്ലാതെ കാടുകയറിയ നിലയിൽ

ഭീതിയിൽ നാട്ടുകാർ

പുൽപ്പള്ളി: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷണമില്ലാതെ കാടുകയറി മൂടിയത് സമീപവാസികൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപത്തെ അപകടവളവിലാണ് പഞ്ചായത്തിന്റെ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കാടും വള്ളികളും പന്തലിച്ചു നിൽക്കുന്നതിനാൽ മൂർഖൻ അടക്കമുള്ള വിഷപ്പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും താവളമായി ഈ പ്രദേശം മാറിയിരിക്കുകയാണ്. സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇഴജന്തുക്കൾ കയറിവരുന്നതോടെ വലിയ ഭീതിയിലാണ് പരിസരവാസികൾ. കാടുമൂടി നിൽക്കുന്നതിനാൽ റോഡിലൂടെ വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റത്തിൽ നിന്ന് പ്രധാന പാതയിലേക്ക് കയറിവരുന്ന വാഹനങ്ങളും പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളും തമ്മിൽ ഈ വളവിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. വളവിലെ കാഴ്ച ഉറപ്പാക്കാനായി മുൻപ് കോൺവെക്സ് മിറർ സ്ഥാപിച്ചിരുന്നെങ്കിലും, അത് നിലവിൽ കാടുകയറി മൂടപ്പെട്ട അവസ്ഥയിലാണ്. ടെലിഫോൺ എക്സ്‌ചേഞ്ച്, മുസ്ലിം പള്ളി, പെട്രോൾ പമ്പ്, നിരവധി വർക്ക്‌ഷോപ്പുകൾ എന്നിവ പ്രവർത്തിക്കുന്ന ഈ ഭാഗത്ത് എപ്പോഴും ശക്തമായ വാഹനത്തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നതുമൂലം സമീപവാസികളിൽ ചിലർ ഇതിന്റെ പലഭാഗങ്ങളും കയ്യടക്കിയതായും ആരോപണമുണ്ട്. റിസർവേ രേഖകൾ പരിശോധിച്ച് അളന്നുതിട്ടപ്പെടുത്തിയാൽ പഞ്ചായത്തിന് വിവിധ വികസന ആവശ്യങ്ങൾക്കായി ഈ സ്ഥലം പ്രയോജനപ്പെടുത്താൻ കഴിയും. നിരവധി പൊതുആവശ്യങ്ങൾക്ക് സ്ഥലം തികയാതെ വരുന്ന സാഹചര്യത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പഞ്ചായത്ത് ഭൂമി സംരക്ഷണമില്ലാതെ കിടക്കുന്നതിനെതിരെ നാട്ടുകാരിൽ എതിർപ്പ് ശക്തമാണ്. സ്ഥലം ഉടൻ ശുചീകരിച്ച് ഇഴജന്തുക്കളുടെ ഭീഷണി ഒഴിവാക്കുകയും റിസർവ് പ്രകാരം ഭൂമി തിരിച്ചുപിടിച്ച് പഞ്ചായത്തിന്റെ അധീനതയിൽ സംരക്ഷിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL