മാനന്തവാടി: മതിയായ ജലസേചനസൗകര്യമില്ലാത്തതിനാൽ തൃശ്ശിലേരിയിൽ നെൽക്കൃഷി പ്രതിസന്ധിയിൽ. മുത്തുമാരി പാടശേഖരസമിതിക്കുകീഴിലുള്ള 150 ഏക്കറോളം വരുന്ന വയലുകളിലെ നെൽക്കൃഷിയാണ് പ്രതിസന്ധിയിലായത്. വയലുകൾ മിക്കവയും വിണ്ടുകീറിയ നിലയിലണ്. തൊണ്ണൂറോളം കർഷകരാണ് നെൽക്കൃഷിയിറക്കിയിട്ടുള്ളത്. തൃശ്ശിലേരി സ്‌കൂളിനു സമീപത്തുള്ള അശവൻകൊല്ലി, കൊടുകളം, കുളിർമാവ്, നുച്ചിക്കണ്ടി വയലുകളാണ് വരണ്ടുണങ്ങുന്നത്. വയലിനു സമീപത്തുകൂടി കടന്നുപോകുന്ന കാക്കത്തോടാണ് കർഷകർക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത്. തോട്ടിൽനിന്നു വെള്ളം പമ്പ് ചെയ്തു വയലിലെത്തിച്ചാണ് കർഷകർ ഇപ്പോൾ നെൽക്കൃഷി സംരക്ഷിക്കുന്നത്. നെൽക്കൃഷിക്കാവശ്യമായ വെള്ളമില്ലാത്തതിനാൽ മഴയെ ആശ്രയിച്ചുള്ള നഞ്ചക്കൃഷി മാത്രമാണ് കർഷകർ ചെയ്യുന്നത്. ഇത്തവണ മഴയെത്തുന്നത് വൈകിയത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഓണത്തിനു മുമ്പ് നാട്ടിപ്പണി പൂർത്തിയാക്കാറുള്ള കർഷകർ ഇത്തവണ ഓണം കഴിഞ്ഞശേഷമാണ് നാട്ടിപ്പണികൾ പൂർത്തിയാക്കിയത്.
അരീക്കരയേയും പ്ലാമൂലയേയും ബന്ധിപ്പിച്ചുള്ള കുറുമാട്ടിക്കൊല്ലി പദ്ധതി യാഥാർഥ്യമാക്കിയാൽ ഒരു പ്രയാസവുമില്ലാതെ നെൽക്കൃഷി ചെയ്യാൻ സാധിക്കും. ഈ പദ്ധതി യാഥാർഥ്യമാക്കണമെന്നത് കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ഒരു കിലോമീറ്ററോളം നീളത്തിൽ കനാൽ നിർമിച്ച് സുഗമമായി വയലിലേക്ക് വെള്ളമെത്തിക്കാം. കുടാതെ സമീപത്തുള്ള പന്നിയോട് അണക്കെട്ട് വൃത്തിയാക്കി കനാലുകളൊക്കെ വൃത്തിയാക്കിയാൽ വയലുകളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കും. ഇതിനുള്ള പ്രവർത്തനങ്ങളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. വയലിനു നടുവിലൂടെ കടന്നുപോകുന്ന കാക്കത്തോടിന്റെ കരകളിലുള്ള വയലുകൾപോലും വരണ്ടുണങ്ങുകയാണ്.
തൊഴിലുറപ്പ് പദ്ധതി
നെൽക്കൃഷിയിലേക്ക് വ്യാപിപ്പിക്കണം
തൊഴിലുറപ്പ് പദ്ധതി നെൽക്കൃഷിയിലേക്ക് വ്യാപിപ്പിക്കണണെന്നത് കർഷകരുടെഏറെക്കാലമായുള്ള ആവശ്യമാണെങ്കിലും ഇവയൊക്കെ മുറവിളിയായി ഒതുങ്ങുകയാണ്. കള പറിക്കാനെങ്കിലും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാൽ തൊഴിലാളികൾക്കു കൂടുതൽ തൊഴിൽദിനങ്ങൾ ലഭിക്കുന്നതിനൊപ്പം കർഷകരും വലിയ പ്രോത്സാഹനമാകും. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിതോടുകൾ വൃത്തിയാക്കുന്നത് നെൽക്കൃഷിക്ക് തിരിച്ചടിയാവുന്നുണ്ട്. വെള്ളം ഒരിടത്തും കെട്ടിനിൽക്കാതെ ഒഴുകിപ്പോവുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ചു നെൽക്കൃഷിക്കു പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ നെൽക്കൃഷി തന്നെ ഇല്ലാതാകും.
വയലിൽ ചാൽ കീറിയത് തിരിച്ചടി
വയലുകൾക്ക് നടുവിലായി സ്വകാര്യവ്യക്തി ചാൽ കീറിയത് നെൽക്കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്. ഒരു മീറ്ററോളം ആഴത്തിലും ഒരു മീറ്ററോളം വീതിയിലുമാണ് ചാൽ കീറിയിട്ടുള്ളത്. തോട്ടിൽനിന്നു വെള്ളം പമ്പ് ചെയ്ത് വയലിലെത്തിച്ചാലും ഇവ ചാലിലേക്ക് കിനിഞ്ഞിറങ്ങിതോട്ടിലേക്ക് തന്നെ ഒഴുകിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കനാലിനു നടുവിലുള്ള വയൽ കൃഷിയെടുക്കാതെ തരിശിട്ടിരിക്കുകയാണ്.
വന്യമൃഗശല്യവും രൂക്ഷം
പ്രകൃതിയോട് മല്ലിട്ടു നെൽക്കൃഷി നടത്തുന്നവർക്ക് വന്യമൃഗശല്യവും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരുനെല്ലിയിലും സമീപ പ്രദേശങ്ങളിലും ആന, മയിൽ, മാൻ ഉൾപ്പെടെയുള്ള വന്യജീവികളാണ് നെൽക്കൃഷി നശിപ്പിക്കുന്നത്. കൊടുകളം വയലിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. വയൽവരമ്പുകളൊക്കെ കാട്ടുപന്നികൾ കുത്തിമറിച്ചിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ട് നെൽക്കൃഷി നടത്തിയാലും ആദായം ലഭിക്കാൻ സാധിക്കാത്ത രീതിയിൽ വന്യജീവികൾ കൃഷി നശിപ്പിക്കുകയാണ്.
ഒരേക്കർ നനയ്ക്കാൻ എട്ടുമണിക്കൂർ
തോട്ടിൽനിന്നു വെള്ളം പമ്പ് ചെയ്തു നെൽക്കൃഷി നടത്തേണ്ടി വന്നത് ഇതാദ്യമായാണ്. എട്ടു മണിക്കൂറോളം സമയം വെള്ളം പമ്പ് ചെയ്താൽ മാത്രമാണ് ഒരേക്കർ വയൽ നനയ്ക്കാനാവുക. രാപ്പകൽഭേദമന്യേ തോട്ടിൽനിന്നു വെള്ളം തിരിച്ചു വിടുന്നതിനാലാണ് നെൽക്കൃഷി കരിയാതെ പിടിച്ചു നിൽക്കുന്നത്. വെള്ളം നനയ്ക്കുന്നതിനിടേ കറന്റുപോയാൽ മോട്ടോർ വീണ്ടും ഓണാക്കണം. നെൽക്കൃഷി ചെയ്യുന്നവർക്ക് നഷ്ടക്കണക്കുകൾ മാത്രമാണ് പറയാനുള്ളത്.
' ജലസേചന സൗകര്യമൊരുക്കാമെങ്കിലും ബന്ധപ്പെട്ടവർ അതിനു തയ്യാറാവാത്തതാണ് പ്രതിസന്ധിക്കു കാരണം "
കൊടുകളം ഉണ്ണിക്കൃഷ്ണൻ
കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |