വാഷിംഗ്ടൺ: അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റായ എഫ്-35 സൂക്ഷിച്ച സ്ഥലത്തേക്ക് ഇന്ത്യൻ സൈനികരെ യുഎസ് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ എയർ ഫോഴ്സ് ചീഫ് എയർ മാർഷൽ അമർപ്രീത് സിംഗ്. ജോധ്പൂരിൽ നടന്ന തരംഗ് ശക്തി സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
'നിങ്ങളുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ പരിസരത്ത് പോലും അടുപ്പിച്ചില്ല. എന്നിട്ട് അത് ഞങ്ങൾക്ക് വിൽക്കാമെന്ന് ഇപ്പോൾ പറയുന്നോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിമാനത്തിന്റെ കോക്പിറ്റിൽ ഇന്ത്യക്കാരെ യുഎസ് പ്രവേശിപ്പിച്ചില്ലെന്നും പക്ഷേ വിമാനത്തിൽ പറക്കാൻ സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അത് തന്റെ തീരുമാനമായിരുന്നില്ലെന്ന് യുഎസ് പസഫിക് എയർ ഫോഴ്സിന്റെ കമാൻഡർ ജനറൽ കെവിൻ ഷ്നീഡർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതെല്ലാം അതീവ സുരക്ഷയിൽപ്പെടുന്ന കാര്യങ്ങളാണെന്നും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അങ്ങനെയാണ് നിർണായകമായ സൈനിക സാങ്കേതികവിദ്യകൾ നമ്മൾ രഹസ്യമായി സൂക്ഷിക്കുന്നതെന്നും ഷ്നീഡർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ നടന്ന സൈനികാഭ്യാസത്തിൽ യുഎസിന് പുറമെ ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ ഏഴ് വിദേശ രാജ്യങ്ങൾ പങ്കെടുത്തിരുന്നു. യുഎസിന്റെ എഫ്-35 ഇനത്തിൽപ്പെടുന്ന ആറ് യുദ്ധവിമാനങ്ങളാണ് തരംഗ് ശക്തിയിൽ പങ്കെടുത്തത്. അതേസമയം, എസ്‌യു- 57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ റഷ്യ വാഗ്ദാനം ചെയ്തതായും എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് അറിയിച്ചു.
നിലവിൽ തദ്ദേശീയമായ യുദ്ധവിമാനത്തിന്റെ നിർമാണം വൈകുന്നതിനാൽ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശത്രുവിന്റെ കണ്ണിൽപ്പെടാതെ പറക്കാൻ കഴിയുന്നതിനൊപ്പം കൃത്യമായ ലക്ഷ്യം നിറവേറ്റാൻ കഴിയുമെന്നതാണ് അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ പ്രധാന പ്രത്യേകത. മാത്രമല്ല രൂപം, കോട്ടിംഗ്, ഉള്ളിൽ ആയുധങ്ങൾ സൂക്ഷിക്കാനുള്ള സജ്ജീകരണങ്ങൾ എന്നിവയാണ് മറ്റു സവിശേഷതകൾ. യുദ്ധഭൂമിയുടെ കൃത്യമായ തൽസമയ സ്ഥിതി മനസിലാക്കാനും സ്റ്റെൽത്ത് വിമാനങ്ങൾക്ക് കഴിയും. ഇത് രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Indian Air Force Chief Air Marshal Amarpreet Singh revealed that the US did not allow Indian military personnel to access the area where its F-35 stealth fighter jets were stationed. He made the statement during a joint US-India press conference at the Tarang Shakti military exercise in Jodhpur.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |