ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന യുദ്ധ വിമാനങ്ങളിൽ സ്വന്തം എഞ്ചിൻ വേണമെന്ന ദൃഢനിശ്ചയം ഒടുവിൽ വിജയത്തോട് അടുക്കുന്നു. 43 വർഷം മുമ്പ് രൂപം കൊടുക്കുകയും പലവട്ടം പരാജയപ്പെടുകയും ചെയ്ത കാവേരി 2.0 പദ്ധതിയാണ് സഫലമാവുന്നത്. 70 ശതമാനത്തോളം പൂർത്തിയായ എഞ്ചിൻ ആഫ്റ്റർ ബർണർ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.
1983ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വിജയിച്ചാൽ 2030ൽ തദ്ദേശീയ തേജസ് യുദ്ധവിമാനങ്ങൾ കാവേരി എഞ്ചിന്റെ കരുത്തിൽ പറക്കും. റൺവേയിൽ നിന്ന് കുതിച്ചുയരാനുള്ള 'തള്ളൽ" (ത്രസ്റ്റ്) നൽകുന്നതിൽ പരാജയപ്പെട്ടതോടെ 2008ൽ പദ്ധതി മരവിപ്പിച്ചിരുന്നു. 49 കിലോ ന്യൂട്ടൺ ഡ്രൈ ത്രസ്റ്റ് കാവേരിക്ക് കൈവരിക്കാനായില്ല. ആവർത്തിച്ചു പരീക്ഷിച്ചിട്ടും ലഭിച്ചത് 41 കിലോ ന്യൂട്ടൺ ഡ്രൈ ത്രസ്റ്റ് മാത്രം. ഭാരം കുറഞ്ഞ തേജസിന് 1023 കിലോ ഭാരമുള്ള എൻജിൻ വേണമെന്ന ലക്ഷ്യത്തിലും എത്തിയില്ല. ഇതുകാരണം തേജസ് എം.കെ1-എയിൽ അമേരിക്കൻ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്.
അമേരിക്ക എല്ലാം തന്നില്ല, നമ്മൾ സ്വന്തം വഴി തേടി
അമേരിക്കൻ കമ്പനിയായ ജി.ഇ ഏറോസ്‌പേസിന്റെ എഫ് 414 എഞ്ചിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇത് വിമാനത്തിന് കുതിക്കാനാവശ്യമായ 49 കിലോ ന്യൂട്ടൺ ഡ്രൈ ത്രസ്റ്റും 84 കിലോ ന്യൂട്ടൺ വെറ്റ് ത്രസ്റ്റും (ആഫ്റ്റർ ബർണർ ത്രസ്റ്റ്) നൽകുന്നുണ്ട്. അടുത്തിടെ 99 എണ്ണം ഓർഡർ ചെയ്തിട്ട് ആറെണ്ണം മാത്രമാണ് കമ്പനി കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഡി.ആർ.ഡി.ഒ കാവേരി പദ്ധതി പൊടിതട്ടിയെടുത്തത്. 70-80 കോടി രൂപയാണ് ഒന്നിന്റെ വില.
കാവേരിയിൽ പറക്കും തേജസ് എം.കെ 2
ഇപ്പോൾ നിർമ്മിക്കുന്ന എഞ്ചിൻ പരീക്ഷണ ഘട്ടത്തിൽ 49-50 കിലോ ന്യൂട്ടൺ ഡ്രൈ ത്രസ്റ്റ് നൽകുന്നുണ്ട്. ഭാരം 1300ൽ നിന്ന് 1080 ആയി കുറയ്ക്കാനും കഴിഞ്ഞു. ഇത് 55-54 കിലോ ന്യൂട്ടൺ ഡ്രൈ ത്രസ്റ്റ് ആയി ഉയർത്താനും ഭാരം 1000 കിലോ ആയി കുറയ്ക്കാനും സാധിച്ചേക്കും. 55-59 ഡ്രൈ ത്രസ്റ്റും 90-100 വെറ്റ് ത്രസ്റ്റുമാണ് ഡി.ആർ.ഡി.ഒയുടെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് ലക്ഷ്യമിടുന്നത്. വിജയിച്ചാൽ ഇന്ത്യ നിർമ്മിക്കാനൊരുങ്ങുന്ന നൂതന ജെറ്റായ തേജസ് എം.കെ 2ലും ഉപയോഗിക്കാം. 1 കോടി ഡോളർ ആണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
India’s indigenous Kaveri 2.0 fighter engine project is nearing success after decades of setbacks. Developed by DRDO, the engine is expected to undergo afterburner tests soon and could power Tejas aircraft by 2030. The project was revived due to delays in receiving American engines and aims to achieve self-reliance in defence technology.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |