SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

'പ്രതിഷേധക്കാരെ തല്ലിച്ചതച്ചു, എല്ലാ പരിധികളും ലംഘിച്ചു': ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോക്രോച്ച് പാർട്ടി

cjp-protest
പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസിന്റെ ലാത്തിചാർജ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്ദർമന്തറിലെ പ്രതിഷേധ മാർച്ചിനെതിരായ നടപടിയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിജെപി. ഇന്നലെ പാർലമെന്റിലേയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ പ്രമുഖരുൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം.

നടൻ പ്രകാശ് രാജ്, നടി ഷബാന ആസ്മി, പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി വാങ്‌ചുക്ക് , സിജെപി സ്ഥാപകൻ ആഭിജീത്ത് ദീപ്കെ എന്നിവർ സ‌ഞ്ചരിച്ചിരുന്ന ട്രക്ക് പൊലീസ് അടിച്ചുതകർത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായും സിജെപി ആരോപിച്ചു. ഗീതാഞ്ജലി വാങ്‌ചുക്കിനെ മുടിയിൽ കുത്തിപ്പിടിച്ച് വാഹനത്തിൽ നിന്നും വലിച്ച് പുറത്തിട്ടെന്ന് സിജെപി വക്താവ് അശുതോഷ് രാങ്ക പറഞ്ഞു.

''പൊലീസുകാർ മാത്രമാണ് ലാത്തി ഉപയോഗിച്ചത്. യുവാക്കളെ അവർ ക്രൂരമായി തല്ലിച്ചതച്ചു, അവരുടെ തലകൾ അടിച്ചുപ്പൊട്ടിച്ചു, തെരുവിലൂടെ വലിച്ചിഴച്ചു. ട്രക്കിൽ നിന്ന് പുറത്തിറക്കാൻ സോനം സാറിന്റെ ഭാര്യ ഗീതാഞ്ജലി മാഡത്തിന്റെ തലമുടിയിൽ പിടിച്ച് വലിച്ചു... പൊലീസിന്റെ ആക്രമണത്തിൽ ഞങ്ങളുടെ ഒരു വോളന്റിയറുടെ വാരിയെല്ലുകൾ തകർന്നു.''- അശുതോഷ് രാങ്ക പറ‌ഞ്ഞു.

ഇത്തരത്തിലൊരു ക്രൂരമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡൽഹി പൊലീസ് ഇന്നലെ എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുകൊണ്ടൊന്നും പ്രതിഷേധത്തിൽ നിന്നും പിന്മാറില്ലെന്നും കൂടുതൽ പേർ ഡൽഹിയിലേയ്ക്ക് വരുമെന്നും പറഞ്ഞ രാങ്ക ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.

അതേസമയം, സിജെപിയുടെ ആരോപണങ്ങൾ ഡൽഹി പൊലീസ് തള്ളി. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് സിജെപിയുടേതെന്ന് പൊലീസ് കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജന്തർ മന്തറിൽ സമരം തുടരുകയാണെന്നും പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സിജെപി അറിയിച്ചു.

English Summary

The Cockroach Party has accused the Delhi Police of using excessive force against protesters, alleging that officers brutally assaulted demonstrators and crossed all limits during the crackdown. The party condemned the police action, demanded accountability, and called for an independent investigation into the alleged violence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, CJP PROTEST, DELHI POLICE, PRAKASH RAJ, SHABANA AZMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360