SignIn
Kerala Kaumudi Online
Sunday, 28 June 2026 3.03 AM IST

ഫിഫാ ലോകകപ്പിനിടെ ദുഃഖവാർത്ത, ഡച്ച് താരം കോഡി ഗാക്പോയുടെ കുഞ്ഞ് മരിച്ചു

-cody-gakpo-

ന്യയോർക്ക്: ഡച്ച് ഫുട്‌ബോൾ താരവും ലിവർപൂൾ സ്‌ട്രൈക്കറുമായ കോഡി ഗാക്‌പോയ്ക്കും പങ്കാളി നോവ വാൻ ഡെർ ബിജിനും തങ്ങൾക്ക് ജനിക്കാനിരുന്ന ആൺകുഞ്ഞ് ഗർഭാവസ്ഥയിൽ നഷ്ടമായി. കുഞ്ഞ് മരിച്ച വിവരം ഗാക്‌പോയുടെ പങ്കാളി നോവ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവച്ചത്. ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരെയുള്ള നോക്കൗട്ട് മത്സരത്തിന് നെതർലൻഡ്‌സ് ടീം തയ്യാറെടുക്കുന്നതിനിടെയായിരുന്നു താരത്തെ തേടി ദുഃഖവാർത്ത എത്തിയത്.

'എലിജാ റാഫേൽ ഗാക്‌പോ' എന്നാണ് തങ്ങൾ കുഞ്ഞിന് പേരിട്ടിരുന്നതെന്നും ഇരുവരും അറിയിച്ചു. 'തകർന്ന ഹൃദയത്തോടെയാണ് ഞങ്ങൾ ഈ വാർത്ത പങ്കുവയ്ക്കുന്നത്. ഗർഭാവസ്ഥയിൽ തന്നെ ഞങ്ങളുടെ ആൺകുഞ്ഞ് ഞങ്ങളെ വിട്ടുപിരിഞ്ഞു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,' നോവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

cody-gakpo

മോഡലിംഗ് രംഗത്ത് സജീവമായ നോവ ലോകകപ്പ് മത്സരങ്ങളിൽ ഗാക്‌പോയെ പിന്തുണയ്ക്കാൻ ടെക്സസിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 25കാരനായ ഡച്ച് താരം നിലവിൽ ലോകകപ്പിൽ നെതർലൻഡ്സിനായി മികച്ച നിലയിലാണ് കളിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ടുണീഷ്യക്കെതിരെ നടന്ന മത്സരത്തിൽ നെതർലൻഡ്‌സ് 3-1 ന് വിജയിച്ച് ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെയും താരത്തെയും സങ്കടത്തിലാഴ്ത്തിയ വാർത്ത പുറത്തുവന്നത്.

2018ൽ ജനിച്ച സാമുവൽ സെത്ത് എന്നൊരു മകൻ കൂടി ദമ്പതികൾക്കുണ്ട്. 2023 ജനുവരിയിൽ ഏകദേശം 40 മില്യൺ പൗണ്ട് തുകയ്ക്കാണ് ഗാക്‌പോ പിഎസ്‌വി ഐന്തോവനിൽ നിന്നും ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിലേക്ക് ചേക്കേറിയത്. നിലവിൽ ലിവർപൂളിന്റെയും ഡച്ച് ദേശീയ ടീമിന്റെയും പ്രധാന മുന്നേറ്റ താരങ്ങളിൽ ഒരാളാണ് ഗാക്‌പോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , SPORTS, GAKPO, FIFA WORLDCUP, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360