SignIn
Kerala Kaumudi Online
Thursday, 22 October 2026 11.18 AM IST

ചോദ്യം ചെയ്യുന്നവർ നിങ്ങൾക്ക് 'വിദേശ ഏജന്റ്'; കേന്ദ്രത്തിനും ബിജെപിക്കുമെതിരെ അണ്ണാമലൈ

annamalai
കെ. അണ്ണാമലൈ

ചെന്നൈ: 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പ്രതിഷേധക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം അവരെ 'വിദേശ ഏജന്റുമാർ' എന്ന് മുദ്രകുത്തുകയാണ് സർക്കാർ എന്ന് അദ്ദേഹം ആരോപിച്ചു. സിജെപി നേതാക്കളെ കരുതൽ തടങ്കലിൽ പാർപ്പിച്ചതിന്റെ നിയമസാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു.

ജനാധിപത്യത്തിലെ നടപടിക്രമങ്ങളുടെ ലംഘനത്തെ ചോദ്യം ചെയ്യുന്നവർ പലപ്പോഴും ആക്രമണങ്ങൾക്ക് വിധേയരാകുകയും 'വിദേശ ഏജന്റ്' ഉൾപ്പെടെ വിവിധ പേരുകളിൽ മുദ്രകുത്തപ്പെടുകയും ചെയ്യുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അണ്ണാമലൈയുടേത് ഇരട്ടത്താപ്പണെന്നായിരുന്നു ബിജെപി പ്രതികരിച്ചത്. അദ്ദേഹം പാർട്ടി വിട്ടതിന് ശേഷം മാത്രമാണ് എസ്‌ഐആറിനെ എതിർക്കുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

പാർട്ടി വിട്ടതിന് ശേഷം അണ്ണാമലൈ വോട്ടർ പട്ടികയുടെ എസ്‌ഐആർ വിഷയത്തിൽ നിലപാട് മാറ്റിയതായി ബിജെപിയുടെ തമിഴ്നാട് മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആരോപിച്ചു. തമിഴ്നാട്ടിൽ ഗണ്യമായ എണ്ണം വ്യാജ വോട്ടർമാരുണ്ടെന്നും അവരെ നീക്കം ചെയ്യണമെന്നും വാദിച്ചുകൊണ്ട് അണ്ണാമലൈ മുമ്പ് ഈ പ്രക്രിയയെ പിന്തുണച്ചിരുന്നുവെന്ന് തിരുപ്പതി പറഞ്ഞു. എന്നാൽ ഇതിന് മറുപടിയുമായി അണ്ണാമലൈ രംഗത്തെത്തി.

'ബിജെപിയിലെ ചില ആളുകളോട് ഒരു കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മറവി തിരഞ്ഞെടുക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റണം. 2026 ജൂൺ 5 ന് ഞാൻ ബിജെപി വിട്ടു. ഇന്നലെ ഞാൻ പറഞ്ഞതുപോലെ, സിജെപിയുടെ പ്രതിഷേധ തന്ത്രങ്ങളോട് ഞാൻ യോജിക്കുന്നില്ല. അവരുടെ പല സമീപനങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അവർ പ്രധാനമെന്ന് കരുതുന്ന ഒരു വിഷയത്തിൽ പ്രതിഷേധിക്കാനോ വാദിക്കാനോ പോരാടാനോ അവർക്ക് അവകാശമുണ്ടോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ഞാൻ തീർച്ചയായും അതെ എന്ന് പറയും'- അദ്ദേഹം എക്സിൽ കുറിച്ചു.

English Summary

Former Tamil Nadu BJP president K. Annamalai criticized the central government and BJP regarding Delhi Police action against 'Cockroach Janata Party' leaders, questioning their detention. The BJP accused Annamalai of hypocrisy, stating his stance on electoral list issues changed post-departure. Annamalai clarified he supports protest rights despite disagreeing with CJP's tactics.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K ANNAMALAI, BJP CRITICISM, CENTRAL GOVERNMENT, FOREIGN AGENTS REMARK, INDIA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360