ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ‘ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്’ എന്ന പരാമർശത്തിന് പിന്നാലെ തുടങ്ങിയ മഖി ജനതാ പാർട്ടി (എംജെപി) സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വെറും 72 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ 3.3 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും 40 ലക്ഷത്തിലധികം വ്യൂസും നേടിയതായാണ് പാർട്ടി അവകാശപ്പെടുന്നത്. സമാനമായ രീതിയിൽ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടിയുമായി (സിജെപി) സഹകരിക്കാനും എംജെപി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുഗതാഗത സംവിധാനങ്ങൾ വ്യാപകമായി നിയന്ത്രിച്ച ഹർജി പരിഗണിക്കവേയാണ് 'ഈച്ച' പരാമർശം ഉണ്ടായത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് ‘ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്’ എന്ന പരാമർശം നടത്തിയത്. ഈ പരാമർശത്തിൽനിന്നാണ് ‘മഖി ജനതാ പാർട്ടി’ എന്ന പേര് രൂപപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഈ മാസം പത്തിന് സിജെപി പ്രതിഷേധം ആരംഭിക്കുന്നതിന് മുന്നോടിയായി ഡൽഹി മെട്രോയിലെ 57 സ്റ്റേഷനുകൾ അടച്ചിടുകയും ഡൽഹിയിലേക്കുള്ള ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്ത നടപടികളെ തുടർന്നാണ് സുപ്രീം കോടതിയിൽ ഇത്തരത്തിലൊരു പരാമർശം ഉണ്ടായത്. സുരക്ഷാ കാരണങ്ങളാൽ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും ഗതാഗത സംവിധാനം പൂർണമായി നിർത്തിവയ്ക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
ഹിന്ദിയിൽ ‘മഖി’ എന്ന വാക്കിന്റെ അർഥം ഈച്ച എന്നാണ്. ഇൻസ്റ്റഗ്രാം പേജിന്റെ വിവരങ്ങൾ പ്രകാരം 2021 ജൂണിലാണ് അക്കൗണ്ട് ആരംഭിച്ചത്. നിലവിലെ പേര് സ്വീകരിക്കുന്നതിന് മുമ്പ് എട്ട് തവണ അക്കൗണ്ടിന്റെ യൂസർനെയിം മാറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യൻ എന്ന വിദ്യാർത്ഥിയാണ് പാർട്ടിയുടെ സ്ഥാപകനായി പേജിൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. പാർട്ടിക്കായി വക്താക്കളെ തേടുന്നതായും അക്കൗണ്ടിൽ അറിയിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ മുൻകാല പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടിയുടെ മാതൃകയിലാണ് മഖി ജനതാ പാർട്ടിയുടെയും വളർച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൽഹി പ്രതിഷേധങ്ങളിലെ സജീവ സാന്നിദ്ധ്യമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) അദ്ധ്യക്ഷ നേഹ ബോറയ്ക്ക് എംജെപി പിന്തുണ അറിയിച്ചിട്ടുണ്ട്.
ചോദ്യങ്ങൾ ഉന്നയിക്കുന്നതും അധികാരികളോട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണെന്നാണ് സംഘടന വ്യക്തമാക്കുന്ന നിലപാട്. പ്രതിഷേധിക്കാനുള്ള അവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണമെന്നും നിയമം പാലിക്കണമെന്നും എംജെപി സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പരസ്പര ധാരണയോടെ സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാൻ സിജെപിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും എംജെപി അറിയിച്ചു.
ജന്തർ മന്ദറിൽ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് ദേശീയ പതാക ഉയർത്തിയതിനെത്തുടർന്ന് സിജെപി നേതാക്കളായ അശുതോഷ് റാങ്കെയെയും സൗരവ് ദാസിനെയും കസ്റ്റഡിയിലെടുത്ത നടപടിയിലും എംജെപി സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് പ്രതിഷേധത്തിന്റെ സന്ദേശം എത്തിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് സമരങ്ങളെ പരിമിതപ്പെടുത്തുന്നതിന്റെ യുക്തി എന്താണെന്നും എംജെപി പ്രതികരിച്ചും. ‘അകലം സൃഷ്ടിക്കുകയല്ല, സംവാദമാണ് ജനാധിപത്യത്തിന് ആവശ്യം’ എന്ന നിലപാടാണ് സംഘടന മുന്നോട്ടുവച്ചത്. പ്രതിഷേധങ്ങൾക്കും ജനാധിപത്യ അവകാശങ്ങൾക്കും പിന്തുണ നൽകുന്നതായും എംജെപി വ്യക്തമാക്കി.
The Makhi Janata Party (MJP) has gained social media attention following Chief Justice Surya Kant’s remark about not using a hammer to kill a fly. The party claims to have attracted over 330,000 Instagram followers and four million views within 72 hours. MJP has also expressed interest in collaborating with the Cockroach Janata Party (CJP), another group inspired by judicial remarks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |