SignIn
Kerala Kaumudi Online
Saturday, 17 October 2026 2.07 PM IST

ഓൺലൈൻ പരസ്യത്തിന്റെ മറവിൽ ചാരപ്രവർത്തനം; ഏജൻസിക്ക് വിലക്ക്

spy
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്‌കവർ ടെക് എന്ന പരസ്യ ഏജൻസി ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചെന്ന് റിപ്പോർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാക്ക് ചെയ്തതായും രണ്ട് ഗവേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കനേഡിയൻ സൈബർ ഗവേഷണ സ്ഥാപനം സിറ്റിസൺ ലാബ്, ന്യൂയോർക്കിലെ പരസ്യസുരക്ഷാ സ്ഥാപനമായ കോൺഫിയന്റ് എന്നിവയുടേതാണ് റിപ്പോർട്ട്. ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡിസ്കവർ ടെകിനെ ഗൂഗിൾ തങ്ങളുടെ പരസ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്താക്കി.

അമേരിക്ക കരിമ്പട്ടികയിൽപെടുത്തിയ സ്‌പൈവെയർ കമ്പനിയായ കാൻഡിരുവിനും മറ്റ് നിർമാണ കമ്പനിക്കും മറ്റ് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്കും ഗൂഗിൾ, കോംകാസ്റ്റ്, റഷ്യയുടെ യാൻഡെക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലേക്ക് നുഴഞ്ഞുകയറാൻ ഡിസ്കവർ ടെക് സൗകര്യം ചെയ്തെന്നാണ് ആരോപണം.

ഫോണുകളുടെയും ഇയർപോഡുകളുടെയും പരസ്യങ്ങളുടെ മറവിലാണ് ചാരപ്രവർത്തനം നടന്നത്. 1,20,000ത്തിലധികം വെബ്സൈറ്റുകളിലും 75,000ത്തിലധികം ആപ്പുകളിലും ഈ പരസ്യങ്ങളെത്തി. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാത്ത ഉപയോക്താക്കളുടെ പോലും വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, ഇവരുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വരെ ഈ പരസ്യങ്ങൾ ഉപയോഗിച്ച് ചോർത്തിയെന്നാണ് വിവരം.

ഡിസ്കവർ ടെക് പ്രതിദിനം ലോകമെമ്പാടും കുറഞ്ഞത് ഒരു കോടി പരസ്യങ്ങളെങ്കിലും പ്രചരിപ്പിച്ചിരുന്നു. പ്രമുഖ മാദ്ധ്യമസ്ഥാപനമായ അൽ ജസീറയുടെ 45 വിൻഡോസ് സിസ്റ്റങ്ങളിൽ 2024 -25 കാലത്ത് ഇതേ പരസ്യങ്ങൾ ഉപയോഗിച്ച് കാൻഡിരു സ്പൈവെയർ കടത്തിവിട്ടുവെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ, ഇന്റർനാഷണൽ ക്രിമിനൽ കോടതി, അന്താരാഷ്ട്ര ആണവോർജ ഏജൻസി എന്നിവയുടെ അടക്കം ഇന്റർനെറ്റ് ശൃംഖലയിലേക്ക് ഇവർ പരസ്യങ്ങൾ കടത്തിവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പലസ്തീൻ പ്രദേശത്തും പരസ്യങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.

English Summary

An investigation by Canadian cybersecurity research group Citizen Lab and New York-based ad security firm Confiant has reportedly found that Israel-based advertising company Discover Tech used online advertisements to secretly monitor internet users and facilitate spyware operations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DISCOVER TECH, ISRAEL SPYWARE, GOOGLE ADS PLATFORM, CITIZEN LAB REPORT, ONLINE SURVEILLANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360