മുംബയ്: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി നടി പായൽ റോത്തഹി. ജോലിയൊന്നും ഇല്ലാത്ത നടന്മാർ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണെന്നും അദ്ദേഹം ഒരു മണ്ടനാണെന്നും പായൽ റോത്തഗി പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് നാടുകടത്തൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് റോത്തഹിയുടെ വിമർശനം.
'നോക്കൂ, ഇത്തരം മണ്ടത്തരം നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്ന് അദ്ദേഹത്തിന് ബോധമുണ്ടാകേണ്ടതാണ്. ഒന്നാമത്തെ കാര്യം അദ്ദേഹം ഇന്ത്യൻ പൗരനല്ല. ഒരു യുഎസ് പൗരനാണ്. അതിനുപുറമെ, അദ്ദേഹം ഇന്ത്യയിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം വിവാഹിതനുമാണ്, എന്നാൽ അദ്ദേഹം വിസ എടുത്തിട്ടില്ലെന്ന് തോന്നുന്നു. അതോ ഇനി അദ്ദേഹം വിവാഹമോചിതനാണോ എന്തോ, എനിക്കറിയില്ല.
പിന്നെ എന്തിനാണ് നിങ്ങൾ പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നത്? അവസരങ്ങളില്ലാത്ത, തൊഴിൽരഹിതരായ ഒട്ടേറെ നടന്മാർ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാറുണ്ട്. തങ്ങൾക്ക് കുറച്ചുകൂടി ശ്രദ്ധ ലഭിക്കാനാണ് അവർ അവിടെ പോകുന്നത്. കാരണം, മാദ്ധ്യമങ്ങളെല്ലാം അവിടെയുണ്ടാകുമല്ലോ, അല്ലേ? പ്രതിഷേധങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നത് കൊണ്ടാണ് അവസരങ്ങളില്ലാത്ത പല നടന്മാരും അവിടെ എത്തുന്നത്'- പായൽ പറഞ്ഞു.
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇമ്രാൻ ഖാനോട് ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബയ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇമിഗ്രേഷൻ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇമ്രാൻ ഖാന് യുഎസ് പൗരത്വമാണുള്ളത്. പൂർണ ഇന്ത്യൻ പൗരത്വത്തിന് പകരം 'ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ' കാർഡ് മാത്രമാണുള്ളത്.
ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ പത്തിന് മുംബയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഇമ്രാൻ ഖാനും ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടൺ, ബന്ധുവായ സെയ്ൻ മേരി ഖാൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഇവർ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |