
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കവുമായി നടൻ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്. 'മക്കൾ മേടൈ' എന്ന പുതിയ കൂട്ടായ്മയുമായാണ് ലത രജനികാന്ത് രംഗത്തെത്തിയിരിക്കുന്നത്. മുൻ ബിജെപി നേതാവ് കെ അണ്ണാമലൈ തന്റെ പുതിയ രാഷ്ട്രീയ സംഘടനയായ വി ദ ലീഡേഴ്സ് പ്രഖ്യാപനത്തിനിടെ രജനികാന്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള ലത രജനികാന്തിന്റെ പുതിയ പ്രഖ്യാപനം ഏറെ ചർച്ചയാകുകയാണ്.
വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ലത ഇക്കാര്യം അറിയിച്ചത്. സമൂഹത്തിൽ നല്ലൊരു മാറ്റം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും മക്കൾ മേടൈ കൂട്ടായ്മയുടെ ഭാഗമാകാമെന്ന് അവർ വ്യക്തമാക്കി. വിരമിച്ചവരും നിലവിൽ സേവനമനുഷ്ഠിക്കുന്നവരുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, മുതിർന്ന പൗരന്മാർ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവരുടെ സേവനവും അറിവും തമിഴ്‌നാടിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
''ജനങ്ങളുടെ ക്ഷേമത്തിനായി സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.ഓരോ മണ്ഡലങ്ങളിലും പ്രാദേശികമായി മികച്ച നേതാക്കളെ കണ്ടെത്തി അവരെ മുൻനിരയിലേയ്ക്ക് കൊണ്ടുവരണം. തമിഴ്‌നാടിന്റെയും തങ്ങളുടെ ദേശത്തിന്റെയും നന്മയ്ക്കായി ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.''- ലത രജനികാന്ത് പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപേ തന്നെ രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്നു അണ്ണാമലൈ. രജനികാന്ത് തനിക്ക് യോഗയും രാഷ്ട്രീയവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു ഗുരുവിനെ പോലെ ഉപദേശങ്ങൾ നൽകാറുണ്ടെന്ന് അണ്ണാമലൈ അടുത്തിടെ മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. എല്ലാ മാസവും ഒന്നോ രണ്ടോ തവണ താൻ രജനികാന്തിനെ രഹസ്യമായോ നേരിട്ടോ കാണാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഐപിഎസ് പദവി രാജിവെച്ച ആദ്യഘട്ടത്തിൽ രജനികാന്ത് സ്വന്തം പാർട്ടി പ്രഖ്യാപിക്കുകയാണെങ്കിൽ അതിൽ ചേരാൻ അണ്ണാമലൈ ആഹ്രഹിച്ചിരുന്നു. എന്നാൽ രജനികാന്ത് ആ തീരുമാനത്തിൽ നിന്ന് പിന്മാറിയതോടെ അണ്ണാമലൈ ബിജെപിയിൽ ചേരുകയായിരുന്നു.
ബിജെപി വിട്ട അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതു മുതൽ രജനികാന്ത് അണ്ണാമലൈക്ക് പിന്തുണ നൽകുമോയെന്ന ചർച്ചകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എന്നാല്‍ അണ്ണാമലൈയുടെ രാഷ്ട്രീയ സംഘടനയുടെ ഭാഗമല്ല രജനീകാന്ത് എന്ന സൂചനയാണ് ഭാര്യ ലത രജനികാന്തിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |