ന്യൂഡൽഹി: എല്ലാവരെയും ഒരുമിപ്പിക്കുന്ന യോഗ മാനവിക ഐക്യത്തിന്റെ അടിത്തറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത റെഡ് റോഡിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ദേശീയതല പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിക്കിടെ പ്രധാനമന്ത്രി യോഗ ഇൻസ്ട്രക്‌ടറുടെ റോളും ഏറ്റെടുത്തു. ശരിയായി യോഗ ചെയ്യേണ്ട രീതികൾ വിശദീകരിച്ചു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്ന ഈ വർഷത്തെ പ്രമേയം വാർദ്ധക്യകാലത്തും ആരോഗ്യത്തോടെ ജീവിക്കാനുള്ള പാത കാണിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രായം കൂടുമ്പോൾ മനുഷ്യന്റെ കഴിവുകൾ കുറയുന്നില്ല. ജീവിതത്തിലുടനീളം നിരന്തരമായ വളർച്ചയും സ്വയം മെച്ചപ്പെടുത്തലുമാണ് യോഗയുടെ ലക്ഷ്യം. ഒരോ വയസ് പിന്നിടുമ്പോഴും ശരീരവഴക്കവും രോഗ പ്രതിരോധി ശേഷിയും കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു മദ്ധ്യപ്രദേശിലെ ജബൽപൂരിലും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ ലേയിലും യോഗാദിനാചരണത്തിൽ പങ്കെടുത്തു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിലും യോഗാഭ്യാസം നടന്നു. കേന്ദ്രകായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്ക് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ബോളിവുഡ് താരം അക്ഷയ് കുമാറും നേതൃത്വം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെ പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സേവാ തീർത്ഥിൽ നടന്ന യോഗാ സെഷനിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. രാജസ്ഥാനിലെ ബിക്കാനേറിലെ കർണി സിംഗ് സ്റ്റേഡിയത്തിൽ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവർ പങ്കെടുത്തു. ഡൽഹിയിൽ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും ദിനം ആചരിച്ചു. സുപ്രീംകോടതിയിൽ യോഗാഭ്യാസത്തിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകി.
ആനപ്പുറത്തെ യോഗ
ബംഗാളിലെ അലിപ്പൂർദ്വാറിലെ ജൽദാപാര നാഷണൽ പാർക്കിൽ കുങ്കി ആനകൾക്ക് മേലെയുള്ള യോഗാഭ്യാസം കൗതുകമായി. പതിവുപോലെ ഇന്ത്യ-പാക് അതിർത്തിയിലെ സിയാച്ചിനിലെ ക്യാമ്പിൽ മൈനസ് താപനിലയിലും സൈനികർ യോഗ ചെയ്‌തു. ചൈനാ അതിർത്തിയിലെ പാംഗോഗ് നദിക്കരയിൽ 14,000 അടി ഉയരത്തിൽ ഐ.ടി.ബി.പി ജവാന്മാരും ദിനം ആചരിച്ചു. നാവികസേനാ കപ്പലുകളിലും യോഗാഭ്യാസങ്ങൾ നടന്നു. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളിലും യു.എൻ ആസ്ഥാനത്തും സെഷനുകൾ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |