SignIn
Kerala Kaumudi Online
Monday, 24 August 2026 3.55 AM IST

 ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർത്തൽ എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച്

READ ENGLISH VERSION
a

 പ്രൊഫസറും ആറ് വിദ്യാർത്ഥികളും അറസ്റ്റിൽ

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർത്തലിന് ഉപയോഗിച്ചത് എൻഡോസ്കോപ്പി ക്യാമറ. രോഗിയുടെ ആന്തരിക പ്രശ്‌നങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ക്യാമറയെ തട്ടിപ്പിനായി രംഗത്തിറക്കിയത് കോളേജ് പ്രൊഫസർ. റായ്‌പൂരിലെ ഇന്ദിരാ ഗാന്ധി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ചോദ്യപേപ്പർ ചോർത്തലിൽ പ്രൊഫസറും പേപ്പ‌ർ വാങ്ങിയ ആറ് വിദ്യാർത്ഥികളും അറസ്റ്റിലായപ്പോഴാണ് പുത്തൻ തന്ത്രം പുറത്തുവന്നത്. സർവകലാശാലയ്‌ക്കു കീഴിലുള്ള ദുർഗിലെ ഭാർതി കോളേജിലെ പ്രൊഫസർ യോഗേഷ് സോൻകേസരിയയാണ് പ്രതി. കഴിഞ്ഞ ഏഴിന് നടന്ന ബി.എസ്‌സി അഗ്രികൾച്ചർ ഫസ്റ്റ് സെമസ്റ്റ‌ർ പത്തോളജി, 20ന് നടന്ന ബി.എസ്‌സി അഗ്രികൾച്ചർ സെക്കൻഡ് സെമസ്റ്റർ എന്റൊമോളജി പരീക്ഷകളുടെ ചോദ്യങ്ങൾ ചോർത്തി. പ്രിന്റ് ചെയ്‌ത ചോദ്യപേപ്പറുകൾ റായ്‌പൂരിലെ എ.ജി കോളേജിൽ നിന്ന് ശേഖരിച്ച് ദുർഗിലെ കോളേജിലെത്തിക്കേണ്ട ചുമതല യോഗേഷിനായിരുന്നു. എന്നാൽ ചോദ്യപേപ്പറുകൾ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്. സീൽ ചെയ്‌തിരുന്ന കവറിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരമിട്ടു. 2500 രൂപ മുടക്കി വാങ്ങിയ യു.എസ്.ബി എൻഡോസ്കോപ്പി ക്യാമറ അതിലേക്ക് കയറ്റിവിട്ടു. അതിന്റെ കേബിൾ മൊബൈൽ ഫോണുമായി ഘടിപ്പിച്ചു. ക്യാമറയിലെ ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ടു പേജുകളിലെ 18ലധികം ചോദ്യങ്ങൾ റെക്കാഡ് ചെയ്‌തു. വീഡിയോ കണ്ട് ചോദ്യങ്ങൾ സ്വന്തം കൈപ്പടയിലെഴുതി. മൂന്നു വിദ്യാർത്ഥികളിൽ നിന്ന് 12,000 രൂപ വീതം വാങ്ങി ആ ചോദ്യങ്ങൾ വിറ്റു. ഈ വിദ്യാർത്ഥികളിൽ നിന്ന് ചോദ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 20,000 രൂപയാണ് മാസ ശമ്പളമെന്നും,ജീവിത പ്രാരാബ്‌ധം കാരണമാണ് ഇതിനു മുതിർന്നതെന്നും പ്രൊഫസർ പൊലീസിനോട് പറഞ്ഞു.

കുത്തഴിഞ്ഞ സം

വിധാനം

ചോദ്യപേപ്പർ സെറ്റുകൾ രണ്ടുദിവസം പ്രൊഫസർ സ്വന്തം വീട്ടിൽ സൂക്ഷിച്ചു. സർവകലാശാലയിലെ പരീക്ഷാനടത്തിപ്പ് കുത്തഴിഞ്ഞ സംവിധാനമാണെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യപേപ്പറുകൾ സർവകലാശാലയുടെ സ്വന്തം പ്രിന്റിംഗ് പ്രസിലാണ് അച്ചടിക്കുന്നത്. അവിടെ സി.സി ടിവി ക്യാമറ പോലുമില്ല. പ്രൊഫസറെയും മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ കോളേജ് പ്രിൻസിപ്പൽ ഡോ.എ.കെ.ദുബെയെയും സർവകലാശാല സസ്‌പെൻഡ് ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360