
ന്യൂഡൽഹി: നീറ്റ് പേപ്പർ ചോർച്ച, അയോദ്ധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ളയും അടക്കം ഉന്നയിച്ചുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ ലോക്‌സഭ ആറു തവണയും രാജ്യസഭ അഞ്ചു തവണയും നിറുത്തിവച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയ്ക്കായി കോക്രോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രക്ഷോഭം നടക്കുന്ന സമയത്താണ് സമാന വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്. അയോദ്ധ്യ സംഭാവനക്കൊള്ളയിലും ചോദ്യപേപ്പർ ചോർച്ചയിലും സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്ളക്കാർഡുമായാണ് രാവിലെ 11ന് പ്രതിപക്ഷാംഗങ്ങൾ ഇരുസഭയിലുമെത്തിയത്.
അന്തരിച്ച എം.പിമാർക്ക് അനുശോചനം രേഖപ്പെടുത്തുന്ന സമയത്ത് പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളിച്ചത് അവഹേളനമാണെന്ന് ലോക് സഭയിൽ സ്പീക്കർ ഓം ബിർള ചൂണ്ടിക്കാട്ടി. ചോദ്യോത്തര വേള തുടങ്ങാൻ നേരം പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. സ്‌പീക്കർ 12 മണി വരെ സഭ നിറുത്തിവച്ചു. 12ന് ചേർന്നപ്പോഴും ബഹളം തുടർന്നെങ്കിലും നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 ൽ നിന്ന് 38 ആയി ഉയർത്തിയ ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിച്ചു. വീണ്ടും സഭ നിറുത്തി. പിന്നീട് ഒരു മണിക്കും രണ്ടുമണിക്കും നിറുത്തിയ സഭ മൂന്നുമണിക്ക് ചേർന്നപ്പോഴും ബഹളം ആവർത്തിച്ചതോടെ ഇന്ന് ചേരാൻ പിരിഞ്ഞു. രാജ്യസഭയിലും സ്ഥിതി സമാനമായിരുന്നു. ഉച്ചയ്‌ക്ക് 12വരെ നിറുത്തിവച്ച സഭ 12.30ന് ചേർന്നെങ്കിലും തുടരാനായില്ല. ഉച്ചയ്‌ക്ക് ശേഷം രണ്ട് തവണ കൂടി നിറുത്തിവച്ച സഭ 2.30ന് ഇന്ന് ചേരാൻ പിരിഞ്ഞു. വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാർഹമാക്കുന്നതിനുള്ള ബിൽ ബഹളം കാരണം അവതരിപ്പിക്കാനായില്ല.
നീറ്റ് അഴിമതിയിൽ ചർച്ച വേണം: കോൺഗ്രസ്
ചോദ്യപ്പേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും ജന്ദർമന്ദറിലെ സി.ജെ.പി പ്രതിഷേധം ചൂണ്ടിക്കാട്ടിയ കോൺഗ്രസ് അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. ചർച്ച നടത്തണം. പരീക്ഷകൾ ശരിയായി നടത്താൻ കഴിയുന്നില്ലെങ്കിൽ, മോദി സർക്കാർ രാജിവയ്‌ക്കണം.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജന വിരുദ്ധ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സർക്കാർ യുവാക്കളെ പരാജയപ്പെടുത്തുകയും അവരെ ആക്രമിക്കുകയുമാണ്. രാജ്യത്തെ യുവാക്കൾ റീലുകൾ ഉണ്ടാക്കിയും പക്കോഡ വറുത്തും നടന്നാൽ മതിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്ത് 152 ചോദ്യപേപ്പർ ചോർച്ച നടന്നിട്ടും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടില്ല. ന്യായമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികൾക്ക് ലാത്തിയും തടങ്കലും നേരിടേണ്ടിവരുന്നു.
രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതാവ്
ലോക്‌സഭ
കേന്ദ്ര സർക്കാർ നിയമിച്ചവരാണ് സംഭാവനക്കൊള്ള നടന്ന അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് ഭരിക്കുന്നത്. ശ്രീരാമന്റെ പേരിൽ പിരിച്ച കോടിക്കണക്കിന് രൂപ മോഷ്‌ടിച്ചു. ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണം.
മല്ലികാർജ്ജുന ഖാർഗെ
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |