SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

ഒമ്പത് ദിവസം കൃഷ്ണനെ വിളിച്ചു, ജന്മാഷ്ടമി നാളിൽ അദ്ഭുതരക്ഷ

READ ENGLISH VERSION
nepal

കാഠ്മണ്ഡു: നേപ്പാളിലെ മഹാപ്രളയത്തിൽ നീണ്ട ഒമ്പത് ദിവസം ഭക്ഷണമോ വെള്ളമോ ഇല്ല. മണ്ണ് മൂടിയ ടണലിന്റെ ഏതോ കോണിൽ നിന്ന് ലഭിച്ച നേരിയ ജീവവായു മാത്രം. മരണം മുന്നിൽ കണ്ടപ്പോൾ 'ഹരേ കൃഷ്ണാ ' എന്ന നാമം മാത്രം ഉരുവിട്ടുകൊണ്ടിരുന്നു. ഒടുവിൽ ജന്മാഷ്ടമി നാളിൽ സഞ്ജയ് ഷായ്ക്കും (30) കബീർ മഹാർജനും (45) പുനർജന്മം. ഓഗസ്റ്റ് 26നുണ്ടായ പ്രളയത്തിൽ അപ്പർ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിന്റെ ടണലിൽ കുടുങ്ങിയ ഇരുവരെയും പൊലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള രക്ഷാസംഘം കഠിന പരിശ്രമത്തിലൂടെ പുറത്തെത്തിക്കുകയായിരുന്നു.

പർവ്വതം തുരന്നുള്ള 4.5 കിലോമീറ്റർ ടണലിൽ 170 മീറ്റർ അകത്താണ് ഇവർ കുടുങ്ങിയത്. കാഠ്മണ്ഡുവിലെ ആർമി ഹോസ്പിറ്റലിൽ ഇരുവരുടെയും നില മെച്ചപ്പെട്ടുവരികയാണ്. ഇതോടെ ടണലിൽ കുടുങ്ങിയ നൂറുകണക്കിന് തൊഴിലാളികളെയും കണ്ടെത്താമെന്ന വിശ്വാസത്തിലാണ് അധികൃതർ. മണിക്കൂറുകൾക്ക് ശേഷം ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആർനോൾഡ് ഡിക്സ് അടക്കം വിദഗ്ദർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

ശബ്ദം പിന്തുടർന്ന് തെരച്ചിൽ

1. എൻജിനിയറിംഗ് സാങ്കേതികവിദ്യ, മാപ്പുകൾ, ഉപഗ്രഹ ചിത്രം, ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ വീഡിയോകൾ തുടങ്ങിയവയുടെ സഹായത്തോടെ ചെളിയിൽ പുതഞ്ഞുപോയ ടണലിന്റെ പ്രവേശന കവാടം കണ്ടെത്തി

2. മണ്ണും കാറിനോളം വലിപ്പമുള്ള ഭീമൻ പാറകളും നീക്കി. സൂക്ഷ്മമായി സ്ഫോടക വസ്തുക്കൾ കൊണ്ട് പാറകൾ പൊട്ടിച്ചു. പുറത്തേക്ക് തെറിച്ച വെള്ളം പമ്പുചെയ്ത് മാറ്റി. അവശിഷ്ടങ്ങൾക്കിടെയിലൂടെ ഒരാൾക്ക് കയറാൻ പാകത്തിന് ചെറു തുരങ്കം സൃഷ്ടിച്ചു

3. ഇന്നലെ പുലർച്ചെ മനുഷ്യശബ്ദം കേട്ടു. വിഷമിക്കേണ്ട, ഞങ്ങൾ രക്ഷിക്കാമെന്ന് സൈനികർ ഉറക്കെ പറഞ്ഞു. 'ശരി' എന്ന് പതിഞ്ഞ സ്വരത്തിൽ മറുപടി

4. തീവ്ര ശ്രമത്തിനൊടുവിൽ ആദ്യം സഞ്ജയ്‌യേയും പിന്നാലെ കബീറിനെയും പുറത്തെത്തിച്ചു

``അപകട സമയം ടണലിലെ കൺട്രോൾ റൂമിലായിരുന്നു. രക്ഷപ്പെടുന്നതിന് പകരം മറ്റുള്ളവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. ശ്വാസംകിട്ടാൻ കൊടുംതണുപ്പിൽ ചെളിയിലൂടെ ഇഴഞ്ഞുനീങ്ങി. പരിക്കേറ്റു. ആരൊക്കെ എവിടെയൊക്കെ കുടുങ്ങിയെന്ന് അറിയാനായില്ല. എനിക്ക് ചുറ്റും ആറ് പേരുണ്ടായിരുന്നു. പുറത്തെത്തിയപ്പോൾ ആദ്യം ചോദിച്ചത് ഇന്ന് ഏതു ദിവസമാണെന്നാണ്.

- സഞ്ജയ് ഷാ


# മരണം ഉയരുന്നു

(നേപ്പാളിലെയും ടിബറ്റിലെയും ചേർത്തുള്ള കണക്ക്)

മരണം .................................................1,326

കാണാതായവർ .............................5,339

(ആകെ വിദേശികൾ - 601, ഇന്ത്യക്കാർ - 275

ജലവൈദ്യുത പദ്ധതി ടണലുകളിൽ കുടുങ്ങിയവർ - 500)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, NEPAL NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360