SignIn
Kerala Kaumudi Online
Friday, 04 September 2026 4.10 PM IST

'ജനനേന്ദ്രിയം അപ്രത്യക്ഷമായി';​ ശാരീരിക ബന്ധത്തിന് പിന്നാലെ വിചിത്ര ആരോപണം, ഒടുവിൽ ആൾക്കൂട്ട കൊലപാതകം

africa
പ്രതീകാത്മക ചിത്രം

നയറോബി: ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാരുടെ ജനനേന്ദ്രിയം നഷ്ടമാകുന്നുവെന്ന വിചിത്രമായ അഭ്യൂഹം ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി പടരുന്നു. ജനനേന്ദ്രിയം ചുരുങ്ങി ഇല്ലാതാകുന്നുവെന്നും മറ്റൊരാൾ മോഷ്ടിച്ചുവെന്നും ആരോപിച്ചുകൊണ്ടുള്ള അക്രമങ്ങൾ പതിവാകുന്നതായാണ് റിപ്പോർട്ട്. ടിക്‌ടോക്ക്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്ത ഒടുവിൽ ആൾക്കൂട്ട ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുകയായിരുന്നു. 2025 ഒക്ടോബർ മുതൽ 2026 ജൂലായ് വരെയുള്ള കാലയളവിൽ ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിലായി 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ബുറുണ്ടി, സാംബിയ, ടാൻസാനിയ, മൊസാംബിക്ക്, അംഗോള, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളിലാണ് അഭ്യൂഹം വ്യാപകമായി പ്രചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചില സമൂഹങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന മന്ത്രവാദ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. മറ്റൊരാളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം അപ്രത്യക്ഷമായെന്നോ വലുപ്പം കുറഞ്ഞെന്നോ ചിലർ വിശ്വസിക്കുകയും സമീപത്തുള്ള മറ്റൊരാളെ ഇതിന് ഉത്തരവാദിയാക്കുകയും ചെയ്യുന്നതാണ് ആരോപണങ്ങളുടെ രീതി.

സമൂഹമാദ്ധ്യമങ്ങളിലൂടെ അതിവേഗം വ്യാപനം

ടിക്‌ടോക്കും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ അഭ്യൂഹത്തിന് കൂടുതൽ പ്രചാരം നൽകി. സംഭവങ്ങളുടെ ദൃക്‌സാക്ഷി വിവരണങ്ങളെന്ന പേരിലുള്ള വീഡിയോകൾ, മുന്നറിയിപ്പ് സന്ദേശങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങൾ എന്നിവ വ്യാപകമായി പ്രചരിച്ചു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലാണ് ഇത്തരം ആരോപണങ്ങൾ ആദ്യം വ്യാപകമായി ഉയർന്നതെന്നാണ് റിപ്പോർട്ട്. 2008ലും സമാനമായ അഭ്യൂഹങ്ങൾ ഇവിടെ പ്രചരിച്ചിരുന്നു. പിന്നീട് സാംബിയ, ടാൻസാനിയ, മൊസാംബിക്ക്, അംഗോള, മലാവി, ബുറുണ്ടി, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.

ആരോപണത്തിന് പിന്നാലെ ആൾക്കൂട്ട ആക്രമണം

ജനനേന്ദ്രിയം മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ടവരെ ആൾക്കൂട്ടം വളഞ്ഞ് ആക്രമിച്ച നിരവധി സംഭവങ്ങളാണ് പിന്നീട് റിപ്പോർട്ട് ചെയ്തത്. ചില സംഭവങ്ങളിൽ ആരോപണവിധേയരായവർ കൊല്ലപ്പെടുകയും ചെയ്തു. അഭ്യൂഹവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട രാജ്യങ്ങളിലൊന്നാണ് മൊസാംബിക്ക്. ആറ് ആഴ്ചയ്ക്കിടെ 55 പേർ കൊല്ലപ്പെട്ടതായി മേയിൽ പൊലീസ് അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആരോഗ്യപ്രവർത്തകരും സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഒരാളുടെ ജനനേന്ദ്രിയമോ മറ്റേതെങ്കിലും ശരീരഭാഗമോ മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്ന മെഡിക്കൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

‘കൊറോ സിൻഡ്രോമും’ ചർച്ചയിൽ

ജനനേന്ദ്രിയം ചുരുങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നതായി ഒരാൾക്ക് തോന്നുന്ന 'കൊറോ സിൻഡ്രോം' എന്ന മാനസികാവസ്ഥയുമായും ചില സംഭവങ്ങളെ അധികൃതർ ബന്ധപ്പെടുത്തി. വ്യാജപ്രചാരണങ്ങൾക്കെതിരെ നടത്തിയ പൊതുജനാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ വിശദീകരണം നൽകിയത്.

സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം രാജ്യാതിർത്തികൾ കടന്ന് പ്രചരിക്കുമ്പോൾ ഉണ്ടാകുന്ന അപകടമാണ് ‘ജനനേന്ദ്രിയ മോഷണം’ എന്ന അഭ്യൂഹം വ്യക്തമാക്കുന്നത്. ഒരു രാജ്യത്ത് പ്രചരിച്ച ആരോപണങ്ങൾ മറ്റൊരു രാജ്യത്തുള്ളവർക്കുള്ള മുന്നറിയിപ്പുകളെന്ന രീതിയിൽ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രചരിക്കുകയായിരുന്നു.

അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്ന സാഹചര്യത്തിൽ, അക്രമങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതും ആഫ്രിക്കൻ രാജ്യങ്ങളിലെ അധികൃതർക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.

English Summary

A strange rumor of genital theft or shrinkage is widely spreading across African nations like DRC, Mozambique, and Kenya. Fuelled by social media, this misinformation has led to mob attacks and reportedly over 80 deaths. Authorities confirm no medical evidence supports these claims, attributing some perceptions to Koro syndrome. African officials face significant challenges controlling violence and false information.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENITAL THEFT RUMOURS, AFRICA MOB VIOLENCE, SOCIAL MEDIA RUMOURS, MOB KILLING AFRICA, KORO SYNDROME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360