SignIn
Kerala Kaumudi Online
Thursday, 23 July 2026 3.17 AM IST

പൊലീസ് വാദം പൊളിഞ്ഞു; വിദ്യാർത്ഥിയുടെ കണ്ണിൽ പെല്ലറ്റ്

s

ന്യൂഡൽഹി: വിദ്യാർത്ഥി-യുവജന പ്രക്ഷോഭകർക്കു നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചില്ലെന്ന ഡൽഹി പൊലീസിന്റെ വാദം പൊളിഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ 20-ന് സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ചിനിടെ ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ പുറത്തെടുത്തു. ഡൽഹി ലേഡി ഹാർഡിങ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ നെഞ്ചിലും കഴുത്തിലും തറച്ച പെല്ലറ്റുകൾ നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ നടത്തും.

ദ്രുതകർമ സേനാംഗമാണ് പെല്ലറ്റ് ഗൺ പ്രയോഗിച്ചതെന്ന് മൻസൂരിക്കൊപ്പണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. വിദ്യാർത്ഥികൾക്കു നേരെ പൊലീസ് പെല്ലറ്റ് ഗൺ, ഇലക്ട്രിക് ബാറ്റൺ, ആണി തറച്ചിരുന്ന ലാത്തി എന്നിവ ഉപയോഗിച്ചുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റുവെന്നും സി.ജെ.പി ആരോപിച്ചിരുന്നു. ഡൽഹി പൊലീസും കേന്ദ്ര സർക്കാരും ഇത് നിഷേധിച്ചു. തങ്ങളുടെ പക്കൽ പെല്ലറ്റ് ഗൺ ഇല്ലെന്ന് ഔദ്യോഗിക എക്സ് പേജിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥിയുടെ കണ്ണിൽ നിന്ന് പെല്ലറ്റ് പുറത്തെടുത്തത്.

അതേസമയം, ദ്രുതകർമ്മ സേനയെ ആക്രമിച്ചതിന് പ്രക്ഷോഭകർക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തു. കോണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് എന്നീ സ്‌റ്റേഷനുകളിലായി ഒമ്പത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മാരകായുധം ഉപയോഗിച്ച് ജീവന് ഭീഷണിയാകുന്ന തരത്തിൽ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് ലാത്തിച്ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന 21കാരി സാക്ഷിയുടെ നിലയിൽ മാറ്റമില്ലെന്ന് രാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360