
ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ
അറസ്റ്ര് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം. ജോൺ ബ്രിട്ടാസ് എം.പിയുടെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കൾ പൊലീസിനെ തടഞ്ഞു. വാക്കുതർക്കത്തിനൊടുവിൽ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങി. നാടകീയ രംഗങ്ങൾക്കാണ് ന്യൂഡൽഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവൻ ഇന്നലെ സാക്ഷ്യം വഹിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐഷി മുൻനിരയിലുണ്ടായിരുന്നു.
2021ൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് അറസ്റ്റിന് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മഫ്തിയിലാണ് പൊലീസ് സംഘമെത്തിയത്. ഇതറിഞ്ഞ് ജോൺ ബ്രിട്ടാസ് അടക്കമുള്ള സി.പി.എം നേതാക്കൾ സ്ഥലത്തെത്തി. തുടർന്ന് പൊലീസുമായി തമ്മിൽ വാക്കേറ്റമുണ്ടായി. പാർട്ടി ഓഫീസിൽ എന്തടിസ്ഥാനത്തിലാണ് അതിക്രമിച്ചു കയറിയതെന്ന് ബ്രിട്ടാസ് ചോദിച്ചു. അറസ്റ്റ് ചെയ്യാനെത്തുമ്പോൾ യൂണിഫോം ധരിക്കേണ്ടതല്ലേയെന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് മഴയായതുകൊണ്ടാണെന്നായിരുന്നു പൊലീസിന്റെ മറുപടി. കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അറസ്റ്രെന്നും അറിയിച്ചു.
ഐഷിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിക്കൊള്ളാമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും പൊലീസ് വഴങ്ങിയില്ല. നിലപാടിൽ നേതാക്കളും ഉറച്ചുനിന്നു. ഒടുവിൽ
അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ് മടങ്ങി. നീറ്ര് വിഷത്തിലെ സമരമാണ് പഴയ കേസ് പൊടിതട്ടിയെടുക്കാൻ കാരണമെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
പൗരത്വ ബില്ലിനെതിരെ
പ്രതികരിച്ച് ശ്രദ്ധ നേടി
2021ലെ പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തിലൂടെയാണ് അന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്ന ഐഷി ഘോഷ് ശ്രദ്ധനേടിയത്. നിലവിൽ എസ്.എഫ്.ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്നു. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമൂരിയ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചു.
വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് വേട്ടയാടലാണ് നടക്കുന്നത്. പഴയകേസ് പൊടിതട്ടിയെടുത്തു പ്രതികാരനടപടി തീർക്കുകയാണ്.
-എം.എ ബേബി,
സി.പി.എം ജനറൽ സെക്രട്ടറി
എന്തു വിലകൊടുത്തും പൊലീസ് രാജ് എതിർക്കും
- ജോൺ ബ്രിട്ടാസ് എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |