
ന്യൂഡൽഹി: അതിർത്തിയിൽ സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈനയുടെ പ്രകോപനം. ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് സെപ്‌തംബറിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് അഞ്ചാം തലമുറ 'ജെ-20 മൈറ്റി ഡ്രാഗൺ" സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചത്.
ലഡാക്ക് അതിർത്തിയോട് ചേർന്നുള്ള ഷിൻജിയാംഗിലെ ഹോട്ടാൻ എയർബേസിലും സിക്കിം- അരുണാചൽ അതിർത്തിയോടു ചേർന്നുള്ള ടിബറ്റിലെ ഡാംഷുഗ് എയർബേസിലുമാണിത്. ഉപഗ്രഹചിത്രങ്ങൾ പ്രകാരം ഇരുബേസുകളിലും ഓരോ സ്‌ക്വാഡ്രൺ (കുറഞ്ഞത് 16 വിമാനങ്ങൾ) വീതമുണ്ട്.
സൈനികശക്തി പ്രകടിപ്പിക്കാനും മുൻകരുതൽ വിന്യാസമായും ചൈനീസ് നീക്കത്തെ പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. 2020 ജൂണിൽ നടന്ന ഗൽവാൻ സംഘർഷത്തിനുശേഷം അതിർത്തിയിൽ ഇന്ത്യയും ചൈനയും തങ്ങളുടെ സൈനിക വിന്യാസവും അടിസ്ഥാനസൗകര്യ വികസനവും വർദ്ധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അതിർത്തിയിൽ സൈനിക സന്നാഹം കുറയ്ക്കാമെന്ന ധാരണയിലെത്തിയിരുന്നു. അത് തെറ്റിക്കുന്നതാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കം.
ജെ-20 മൈറ്റി ഡ്രാഗൺ
ചെംഗ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയാണ് ഈ ആദ്യ അഞ്ചാം തലമുറ സ്‌റ്റെൽത്ത് യുദ്ധവിമാനത്തിന്റെ നിർമ്മാതാക്കൾ. റാഡാറുകളുടെ കണ്ണിൽപ്പെടാത്ത തരത്തിലുള്ള രൂപകല്പന, ദുർഘദൂര ആക്രമണശേഷി, അത്യാധുനിക സെൻസർ സംവിധാനം, ശക്തമായ എയർ-ടു-എയർ മിസൈൽ എന്നിവയാണ് പ്രത്യേകത. അമേരിക്കയുടെ എഫ് -35 യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നത്.
എന്തുകൊണ്ട് ഹോട്ടാൻ ഡാംഷുഗ്?
ഹോട്ടാൻ വിമാനത്താവളത്തിൽനിന്ന് ലഡാക്ക് മേഖലകളിലേക്ക് അതിവേഗം വ്യോമനീക്കം നടത്താനാകും. അതീവതന്ത്രപ്രധാന മേഖലയാണിത്. അരുണാചൽ പ്രദേശിലേക്കും സിക്കിമിലേക്കും അതിവേഗ വ്യോമനീക്കം നടത്താൻ ലക്ഷ്യമിട്ടാണ് ടിബറ്റിലെ ഡാംഷുഗിൽ എയർബേസ് നിർമ്മിച്ചത്.
വെല്ലുവിളി
ഇന്ത്യക്ക് അഞ്ചാം തലമുറ സ്‌റ്റെൽത്ത് വിമാനങ്ങൾ ഇല്ല. റഫാൽ, സുഖോയ്-30 എ.കെ.ഐ, മിറാഷ് -2000, തേജസ് എം.കെ-1 എന്നിവയാണ് മേഖലയിലെ ഇന്ത്യയുടെ ശക്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |