
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സെപ്തംബർ അഞ്ചിന് ഡൽഹിയിൽ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഇന്ത്യ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിന് നീറ്റ് ഇരകളുടെ കുടുംബാംഗങ്ങളും ജൂലായ് 20ലെ 'സൻസദ് ചലോ' മാർച്ചിൽ പൊലീസ് അതിക്രമത്തിനിരയായവരും ചേർന്ന് നേതൃത്വം നൽകും.
ജൂലായ് 25ന് രാജ്യവ്യാപകമായി നടന്ന യുവജന പ്രതിഷേധങ്ങൾ പിൻവലിക്കുമ്പോൾ,വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കാമെന്നും നീറ്റ് ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ,ഒരു മാസം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാൻ സർക്കാർ തയാറായിട്ടില്ലെന്ന് സി.ജെ.പി കുറ്റപ്പെടുത്തി. സർക്കാർ കാലതാമസ തന്ത്രം പയറ്റുകയാണ്.
'സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും കേസുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തിന് മടിയാണ്. ജെൻസി തലമുറയോട് സർക്കാർ വഞ്ചന കാണിക്കുകയാണ്. ഇതിനാൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും യുവജന സംഘടനകളും സെപ്തംബർ അഞ്ചിന് ഡൽഹിയിൽ ഒന്നിക്കണം'-സി.ജെ.പി ആഹ്വാനം ചെയ്തു. ഇന്നലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു ശേഷമാണ് മാർച്ച് പ്രഖ്യാപനം.
സംസ്ഥാന വിദ്യാഭ്യാസ
മന്ത്രിമാർക്ക് കത്തയച്ചു
രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ നിലവാരം സംബന്ധിച്ച കണക്കുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരോട് വിവരങ്ങൾ തേടി കത്തയച്ച് സി.ജെ.പി. കഴിഞ്ഞ അഞ്ചുവർഷത്തെ സ്‌കൂൾ നവീകരണം,അദ്ധ്യാപക ഒഴിവുകൾ,അനുവദിച്ചതും ചെലവഴിച്ചതുമായ തുക,അറ്റകുറ്റപ്പണി ആവശ്യമായ സ്‌കൂളുകൾ എന്നിവയുടെ കണക്കുകളാണ് ആവശ്യപ്പെട്ടത്.
ശുദ്ധജലം,ശൗചാലയം,ക്ലാസ് മുറി,ഇരിപ്പിടം,കമ്പ്യൂട്ടർ,ഡിജിറ്റൽ പഠന സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയും വ്യക്തമാക്കണം. അധ്യാപകർക്ക് നൽകുന്ന അദ്ധ്യാപനേതര ചുമതലകളുടെ വിവരങ്ങളും തേടി. സർക്കാർ സ്‌കൂളുകളുടെ യഥാർത്ഥി സ്ഥിതി വിലയിരുത്താൻ സോഷ്യൽ ഓഡിറ്റിനും സി.ജെ.പി ഒരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |