മുംബയ്: കൗമാര താരം വൈഭവ് സൂര്യവംശിയെ ഇന്ത്യയുടെ ഏകദിന ടീമിലും ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഫറോക്ക് എഞ്ചിനീയർ. 2027 ഏകദിന ലോകപ്പിൽ സൂപ്പർ താരം രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണർ സ്ഥാനം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകദിന ക്രിക്കറ്റിൽ ഇടത്-വലത് ബാറ്റ്സ്മാൻമാർ ഒന്നിച്ചുള്ള കൂട്ടുകെട്ടാണ് ഏറ്റവും നല്ലത്. അതിനാൽ രോഹിത്തിനൊപ്പം വൈഭവ് തന്നെ ഓപ്പണറായി ഇറങ്ങണം. ഫീൽഡിലെ വിടവുകൾ കൃത്യമായി കണ്ടെത്തി റൺസ് നേടാൻ യുവതാരത്തിന് മിടുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫറോക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
സിംബാബ്‌വേക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫറോക്കിന്റെ പ്രതികരണം. വൈഭവിനെ ഓപ്പണിംഗ് നിരയിൽ ഉൾപ്പെടുത്തുന്നതിനായി നിലവിലെ നായകൻ ശുഭ്മാൻ ഗിൽ നാലാം നമ്പരിൽ ബാറ്റ് ചെയ്യണമെന്നാണ് ഫറോക്കിന്റെ പക്ഷം. ഗില്ലിനെ ടീമിലെ ഏറ്റവും മികച്ച ബാറ്ററായി വിശേഷിപ്പിക്കുന്നതോടൊപ്പം തന്നെ ടീമിന്റെ ബാലൻസ് നിലനിർത്താൻ ഈയൊരു മാറ്റം സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
വൈഭവിനെ 'ജീനിയസ്' എന്ന് വിശേഷിപ്പിച്ച ഫറോക്ക്, താരത്തിന് മേൽ അമിതമായി പരിശീലനം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. പഴയ കാലത്തെ ക്രിക്കറ്റ് പുസ്തകങ്ങളിലെ രീതികളല്ല താരത്തിന്റേതെന്നും, വിവിയൻ റിച്ചാർഡ്‌സിനെപ്പോലെ ജന്മസിദ്ധമായ പ്രതിഭയാണ് വൈഭവിനെന്നും ഫറോക്ക് ഓർമ്മിപ്പിച്ചു.
Former India wicket-keeper Farokh Engineer has urged selectors to include teenage sensation Vaibhav Sooryavanshi in India's ODI squad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |