ചെന്നൈ: കുവൈത്തിലെ ജോലിസ്ഥലത്ത് നേരിടുന്നത് ക്രൂരപീഡനമാണെന്ന് വെളിപ്പെടുത്തി യുവതി. കുവൈത്തിൽ വീട്ടുജോലിക്കാരിയായ കള്ളിക്കുറിച്ചി സ്വദേശിയായ വനിതയെന്ന യുവതിയാണ് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ പങ്കുവച്ചത്. മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും യുവതി വീഡിയോയിൽ ആവശ്യപ്പെടുന്നു.
ഒരു ചെറിയ മുറിയിൽനിന്നാണ് യുവതി വീഡിയോയിൽ സംസാരിക്കുന്നത്. കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് കള്ളക്കുറിച്ചി ജില്ലാ കളക്‌ടറോടും പൊലീസ് സൂപ്രണ്ടിനോടുമാണ് യുവതി സഹായം അഭ്യർത്ഥിക്കുന്നത്.'എന്റെ പേര് വനിത. ഞാൻ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ളയാളാണ്. കുവൈത്തിൽ എത്തിയിട്ട് മൂന്ന് മാസമായി. ഇവിടെ എന്നെ പീഡിപ്പിക്കുകയാണ്. എന്നെ രക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇനി എനിക്കിത് സഹിക്കാൻ കഴിയില്ല'- വീഡിയോയിൽ പറയുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ തമിഴ്‌നാട് അധികൃതർ അന്വേഷണം ആരംഭിച്ചു. മകളെ തിരികെ നാട്ടിലേക്കെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും പരാതി നൽകിയിട്ടുണ്ട്. വീട്ടുജോലിക്കായി കുവൈത്തിലേക്ക് പോയ തന്റെ മകൾ വഞ്ചിക്കപ്പെട്ടെന്നാണ് വനിതയുടെ അമ്മ വെണ്ണില ആരോപിക്കുന്നത്.
'ഏജന്റ് ഞങ്ങളെ വഞ്ചിച്ചു. വീട്ടുജോലിക്കായാണ് മകളെ കുവൈത്തിലേക്ക് കൊണ്ടുപോയത്. എന്നാൽ, അവിടെ അവളെ പീഡിപ്പിക്കുകയാണ്. എന്റെ മകളെ ജീവനോടെ നാട്ടിലെത്തിക്കാൻ സഹായിക്കണം'- വെണ്ണില പറഞ്ഞു. യുവതിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കള്ളക്കുറിച്ചി ജില്ലാ സൂപ്രണ്ട് ഷഹനാസ് അറിയിച്ചു. യുവതിക്ക് ഒരു മകളും മകനുമുണ്ട്.
A Kallakurichi woman in Kuwait has alleged workplace abuse and unpaid wages, seeking urgent help to return to India. Tamil Nadu authorities have started rescue efforts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |