SignIn
Kerala Kaumudi Online
Monday, 07 September 2026 6.07 PM IST

കൈകാൽ മുട്ടുകൾ തകർത്തു, മുടി പിഴുതെടുത്തു; ഇറാനിൽ 19കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും

taraneh-rahimi-
തരാനെ റഹീമിയും റോമിന റഹീമിയും

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇറാനിൽ 19കാരായ ഇരട്ടസഹോദരിമാരിൽ ഒരാൾക്ക് വധശിക്ഷയും മറ്റൊരാൾക്ക് കഠിനതടവും. ഈവർഷമാദ്യം നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് തരാനെ റഹീമി, റോമിന റഹീമി എന്നിവർക്കാണ് അതികഠിനമായ ശിക്ഷ ലഭിച്ചത്. ഇതിൽ തരാനെയ്ക്ക് വധശിക്ഷയും റോമിനയ്ക്ക് 25 വർഷത്തെ കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്.

ഹൈസ്‌കൂൾ വിദ്യാർത്ഥികളായ ഇരുവരെയും ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്പ്‌സ് വീട്ടിൽ അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇരുവരെയും എവിടെയാണ് കൊണ്ടുപോയതെന്ന് നാലുമാസം വരെ വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നില്ല. മാതാവ് മർസിയ നോർമൊഹമ്മദി ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും നടത്തിയ തെരച്ചിലിനൊടുവിൽ ഇസ്‌ഫഹാനിലെ ദൗലതാബാദ് ജയിലിൽ മക്കളെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.

കഴിഞ്ഞ മേയിലാണ് മക്കളെ കാണാൻ മാതാവിന് അനുമതി ലഭിച്ചത്. എന്നാൽ ഇരുവരുടെയും ശരീരവും മുഖവും മർദ്ദനമേറ്റ് വീർത്ത് പോയതിനാൽ സ്വന്തം മക്കളെ തിരിച്ചറിയാൻ മർസിയക്ക് സാധിച്ചില്ല. പെൺകുട്ടികളുടെ കൈമുട്ടും കാൽമുട്ടും കാൽപാദങ്ങളും തകർന്ന നിലയിലായിരുന്നുവെന്ന് ഒരു ബന്ധുവും പറഞ്ഞു. മുടി മുഴുവൻ പിഴുതെടുത്ത നിലയിലായിരുന്നു. ഇവരെ ഏകാന്ത തടവിലായിരുന്നു പാർപ്പിച്ചിരുന്നത്.

തന്നെ ക്രൂരമായി പീഡിപ്പിച്ചതായും ബലമായി കുറ്റസമ്മതം നടത്തിച്ചതായും തരാനെ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതപത്രത്തിൽ ഒപ്പുവച്ചില്ലെങ്കിൽ തന്റെ മുന്നിൽവച്ച് സഹോദരിയെ ബലാത്സംഗം ചെയ്യുമെന്ന് ജയിൽ ഗാർഡുകൾ തരാനെയെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.

മക്കളുടെ വിചാരണവേളയിൽ പങ്കെടുക്കാൻ മർസിയയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. കഠിനമായ പീഡനത്തിനുശേഷമാണ് സഹോദരിമാരെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളിൽ സഹോദരിമാർ പങ്കെടുത്തതിന് തെളിവില്ലെന്നും ഇരുവരും മുൻപൊരിക്കലും പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. ജനുവരി എട്ട്, ഒൻപത് തീയതികളിൽ ഇസ്‌ഫഹാനിൽ നടന്ന പ്രക്ഷോഭത്തിലാണ് ദശലക്ഷക്കണക്കിനുപേ‌ർക്കൊപ്പം ഇരട്ട സഹോദരിമാരും പങ്കെടുത്തത്. ഒരുമാസത്തിനുശേഷം ഇരുവരെയും വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

English Summary

Nineteen-year-old twin sisters, Taraneh Rahimi and Romina Rahimi, have been sentenced in Iran for participating in anti-government protests. Taraneh received a death sentence, while Romina was given 25 years of rigorous imprisonment. They were reportedly abducted by the Islamic Revolutionary Guard Corps, tortured, and forced to confess. Their lawyer stated no evidence linked them to violence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROMINA RAHIMI, TARANEH RAHIMI, IRAN, IRAN DEATH SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360