
ടെഹ്റാൻ: ഹോർമുസിൽ ഇറാനും യു.എസും തുടരുന്ന സംഘർഷം 'ടാങ്കർ യുദ്ധ"ത്തിലേക്ക് വഴിമാറുന്നു. ഹോർമുസിന്റെ നിയന്ത്രണത്തിനായി യു.എസ് നേവിയും ഇറാൻ സൈന്യവും പരസ്പരം കപ്പലുകൾ ആക്രമിക്കുന്നത് ശക്തമാക്കി. എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ടതോടെ ആഗോള ഊർജ്ജ വിപണി മുൾമുനയിലായി.
ശനിയാഴ്ച പേർഷ്യൻ, ഒമാൻ ഉൾക്കടൽ മേഖലകളിൽ വച്ച് ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ യു.എസ് തകർത്തതോടെയാണ് സംഘർഷം ആളിക്കത്തിയത്. ഹോർമുസിന് സമീപം നിരീക്ഷണം നടത്തിയ തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ തൊടുത്തതാണ് യു.എസിനെ പ്രകോപിപ്പിച്ചത്.
ഇതിന് തിരിച്ചടിയായി ഹോർമുസ് കടക്കാൻ ശ്രമിച്ച യു.എസിന്റെ ഒരു സമുദ്ര ഡ്രോണിനെയും യു.എസ് ബന്ധമുള്ള ആറ് കപ്പലുകളെയും ഇറാൻ ഇന്നലെ തകർത്തു. മൂന്ന് എണ്ണ ടാങ്കറുകളും മൂന്ന് ചരക്കുക്കപ്പലുകളുമാണ് ആക്രമിക്കപ്പെട്ടത്. ഈ കപ്പലുകളുടെ വിവരങ്ങൾ ലഭ്യമല്ല. ഇരട്ടിയിലേറെ ഇറാൻ ടാങ്കറുകളെ തിരിച്ചാക്രമിക്കുമെന്ന് യു.എസും ഭീഷണി മുഴക്കി.
തിരിച്ചടി വേഗം
ഇറാനിൽ യു.എസ് പുതിയ ആക്രമണം നടത്തിയാൽ വേഗവും ശക്തവും വേദനാജനകവുമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാനിലെ സാഗ്രോസ് പർവത നിരകളിലെ അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ പിക്ആക്‌സ് മൗണ്ടൻ ഉടൻ തകർക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായിട്ടാണ് പ്രതികരണം.
# കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഹോർമുസ് പരിസരത്ത് ഇറാനും യു.എസും തകർത്ത കപ്പലുകൾ - 9
# അന്ന് തകർത്തത്
550 കപ്പലുകൾ
1981 - 1988ൽ ഇറാൻ-ഇറാക്ക് യുദ്ധത്തിന്റെ ഭാഗമായി പേർഷ്യൻ ഉൾക്കടലിലും ഹോർമുസിലും നടന്ന ടാങ്കർ യുദ്ധം ലോകത്തെ നടുക്കിയിരുന്നു. 550 ലേറെ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാക്കാണ് കൂടുതൽ ആക്രമണം നടത്തിയത്. ആഗോള എണ്ണ വിതരണം സംരക്ഷിക്കാൻ യു.എസും നേരിട്ട് സൈനിക ഇടപെടൽ നടത്തി. 1988ൽ തങ്ങളുടെ യുദ്ധക്കപ്പൽ ഇറാനിയൻ മൈനിൽ തട്ടി പൊട്ടിത്തെറിച്ച പിന്നാലെ, 'ഓപ്പറേഷൻ പ്രേയിംഗ് മാന്റിസ്' എന്ന പേരിൽ ഇറാന്റെ യുദ്ധക്കപ്പലുകളും നിരീക്ഷണ കേന്ദ്രങ്ങളും യു.എസ് തകർത്തു. അന്നേ വർഷം യു.എസ് യുദ്ധക്കപ്പൽ, ഹോർമുസിനു മുകളിലൂടെ പറന്ന ഇറാൻ എയർ വിമാനത്തെ വെടിവച്ചിട്ടു. 290 പേർ കൊല്ലപ്പെട്ടു. യുദ്ധവിമാനം എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |