SignIn
Kerala Kaumudi Online
Saturday, 27 June 2026 3.14 AM IST

'വെടിനിര്‍ത്തലിന്റെ ലംഘനം', ഹോര്‍മുസില്‍ കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ തൊടുത്തെന്ന് ട്രംപ്

donald-trump

വാഷിംഗ്ടണ്‍ ഡി.സി: ഇറാന്‍ ഹോര്‍മുസില്‍ നടത്തിയ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഇറാന്റെ ഭാഗത്ത് നിന്നുള്ള മണ്ടത്തരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി. വലിയ ചരക്ക് കപ്പലിന് നേരെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. ഇത് പ്രകോപനമില്ലാതെയുള്ള ആക്രമണമായിരുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചരക്ക് കപ്പലിന് നേരെ നാല് ഡ്രോണുകള്‍ ഇറാന്‍ തൊടുത്തു. ഇതില്‍ ഒരെണ്ണം കപ്പലില്‍ പതിക്കുകയും സാരമായ കേടുപാടുണ്ടാകുകയും ചെയ്തു. എന്നാല്‍ മൂന്ന് ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ച് ഇല്ലാതാക്കിയെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം മേഖലയില്‍ വീണ്ടും ആക്രമണ പ്രത്യാക്രമണത്തിന്റെ സാദ്ധ്യതകളിലേക്കാണ് ഇറാന്റേയും അമേരിക്കയുടേയും പ്രതികരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.


തങ്ങളുടെ താത്പര്യങ്ങളെ മറികടന്നുള്ള ക്രമീകരണങ്ങളുമായി വരുന്ന കപ്പലുകള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് താത്പര്യങ്ങളും തീരുമാനങ്ങളുമുണ്ട്, അതിനെതിരെ നില്‍ക്കുന്നവരുടെ കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ സുരക്ഷ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി പറഞ്ഞത്. അമേരിക്കയുടെ ഒപ്പം നില്‍ക്കരുതെന്ന സന്ദേശം കൂടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ പ്രസ്താവനയിലൂടെ ഇറാന്‍ നല്‍കുന്നത്.

ധാരണാപത്രത്തില്‍ പറഞ്ഞിട്ടുള്ളത് അനുസരിച്ച് വേണം കപ്പല്‍ ഗതാഗതം നടക്കേണ്ടത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സമാന്തര പാതകള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് പോകുമെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്മേലുള്ള തങ്ങളുടെ നിയന്ത്രണാധികാരം ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്കയും ആറ് ഗള്‍ഫ് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ എതിര്‍ത്തിരുന്നു.. നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്രമായ കപ്പല്‍ ഗതാഗതം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇറാന്‍ കപ്പലുകളെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, USA, IRAN, HORMUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360