SignIn
Kerala Kaumudi Online
Saturday, 27 June 2026 2.23 AM IST

'കുഞ്ഞുണ്ടായാൽ ജോലി ഉപേക്ഷിക്കരുത്, പങ്കാളിയും ഒപ്പം നിൽക്കണം'; യൂറോപ്യൻ യൂണിയനിൽ കൈക്കുഞ്ഞുമായി മന്ത്രി

romina

സ്റ്റോക്ക്ഹോം: ലക്സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിന് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി എത്തിയ സ്വീഡൻ കാലാവസ്ഥാ മന്ത്രി റൊമിന പൗർമോഖ്താരിയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. കാലാവസ്ഥാ വ്യതിയാന നയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്നലെ ചേർന്ന പരിസ്ഥി-കാലാവസ്ഥാ വകുപ്പ് മന്ത്രിമാരുടെ യോഗത്തിനാണ് റൊമിന കൈക്കുഞ്ഞുമായെത്തിയത്.

ഒരു ദിവസം മുഴുവൻ നീണ്ട യോഗത്തിൽ കാലാവസ്ഥാ മന്ത്രിയോടൊപ്പം മകൻ ആദവും പങ്കെടുത്തു. യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരംഗം കൈക്കുഞ്ഞുമായി എത്തുന്നത്. ജോലിയും മാതൃത്വവും ഒന്നിച്ച് വരുമ്പോൾ അതിൽ ഒന്നിനെ മാത്രമായി തിരഞ്ഞെടുക്കേണ്ടതില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് സ്വീഡൻ മന്ത്രി കുഞ്ഞുമായെത്തിയത്.

റൊമിന യോഗത്തിൽ സംസാരിക്കുന്നതിനിടെ ഒരു തവണ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നെയുള്ള സമയങ്ങളിൽ ആദം അമ്മയ്ക്ക് പൂർണ പിന്തുണ നൽകി. കുഞ്ഞ് കരഞ്ഞപ്പോൾ 'നല്ല ടൈമിംഗ്' എന്ന് തമാശരൂപേണ പറഞ്ഞ് മന്ത്രി കുഞ്ഞിനെ ആശ്വസിപ്പിച്ചു. പ്രസവാവധിയിലിരുന്ന മന്ത്രി തിരികെ ജോലിയിൽ പ്രവേശിച്ചയുടനെയാണ് യൂറോപ്യൻ യൂണിയന്റെ യോഗത്തിനെത്തിയത്.

യോഗത്തിന് ശേഷം കുഞ്ഞുമായെത്തിയതിന്റെ പ്രാധാന്യത്തെ കുറിച്ച് മന്ത്രി വ്യക്തമാക്കി. ജോലിയും കുടുംബത്തിന്റെ ഉത്തരാവാദിത്തവും ഒരുമിച്ച് വരുമ്പോൾ ഇവയിലൊന്ന് ഉപേക്ഷിക്കരുതെന്ന് റൊമിന പറഞ്ഞു. എന്നാൽ അതിന് ദിനോസറിന്റെ കാലത്തെ ചിന്താഗതികളുമായി നടക്കാത്ത ഒരു ജീവിതപങ്കാളി കൂടെ വേണമെന്നും അവർ കൂട്ടിച്ചേർത്തു. പുരോഗമനപരമായി ചിന്തിക്കുന്നതും ഒപ്പം നിന്ന് ഉത്തരവാദിത്തം പങ്കിടുന്നതുമായ ഒരാൾ കൂടെയുണ്ടെങ്കിൽ ഈ യാത്രയിൽ ഒറ്റയ്ക്കാകില്ലെന്നും അവർ പറഞ്ഞു.

ഇതാദ്യമായല്ല റൊമിന സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2022-ൽ സ്വീഡന്റെ കാലാവസ്ഥാ വകുപ്പ് മന്ത്രിയായി അധികാരമേൽക്കുമ്പോൾ റൊമിനയ്ക്ക് പ്രായം 30 ആയിരുന്നു. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡും ഇവർക്ക് സ്വന്തമാണ്. ഇപ്പോൾ തന്റെ കുഞ്ഞുമായി യൂറോപ്യൻ യൂണിയന്റെ യോഗത്തിനെത്തി വീണ്ടും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് റൊമിന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ROMINA POURMOKHTARI, SWEDEN MINISTER, EUROPEAN UNION MEETING, MINISTER WITH NEWBORN BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360