
അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കവെ ക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രസ്റ്റ് അംഗവും രാജിവച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വമേധയാ രാജിവച്ചത്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്‌കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്‌തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ‌്‌തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായവരിൽ ആറുപേർ പണം എണ്ണിത്തിട്ടപ്പെടുത്താൻ നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |