SignIn
Kerala Kaumudi Online
Monday, 27 July 2026 2.42 PM IST

പശ്ചിമേഷ്യയിൽ നേരിയ ആശ്വാസം: ആക്രമണം നിറുത്തിവച്ച് യു.എസും ഇറാനും

d

ടെഹ്റാൻ: തുടർച്ചയായ പതിമൂന്ന് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ഇടവേള. ശനിയാഴ്ചയും ഇന്നലെയും യു.എസ് തെക്കൻ ഇറാനിൽ ആക്രമണങ്ങൾ നടത്തിയില്ല. അതിനാൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ പ്രത്യാക്രമണവും നടത്തിയില്ല.

ആക്രമണം നിറുത്തിവയ്ക്കാനുള്ള ഔദ്യോഗിക വിശദീകരണം യു.എസ് നൽകിയിട്ടില്ല. യു.എസ് ബോംബിംഗ് നിലച്ചതിനാൽ പ്രത്യാക്രമണം നിറുത്തിയെന്ന് ഇറാൻ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തിയ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണം നിറുത്തിയതിനെ തങ്ങളുടെ വിജയമായിട്ട് ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ.

അതേസമയം, ആക്രമണങ്ങൾ ഏതുനിമിഷവും പുനരാരംഭിച്ചേക്കാം. ഇന്നലെ ഹോർമുസ് കടലിടുക്കിൽ നേവൽ മൈനിൽ ഇടിച്ച് എണ്ണ ടാങ്കറിൽ സ്ഫോടനമുണ്ടായി. ടാങ്കറിന്റെ വിവരങ്ങൾ ലഭ്യമല്ല. തങ്ങളുടെ അനുവാദമില്ലാതെ സഞ്ചരിച്ച ടാങ്കറാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ പറയുന്നു.കൂടാതെ, ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണി നിലവിലുണ്ട്. ശനിയാഴ്ച സൗദിയിലെ ജിസാനിലും യാൻബുവിലും എണ്ണ റിഫൈനറികൾ ഹൂതി ആക്രമണം നേരിട്ടിരുന്നു.


# മിസൈൽ കുറയുന്നു,

വാൻസിന് ആശങ്ക


 ശനിയാഴ്ച ഇറാനിൽ ബോംബിംഗിന് യു.എസ് സൈന്യത്തിന് പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നിഷേധിച്ചു. നീക്കം ഒമാന്റെ മദ്ധ്യസ്ഥ ചർച്ചകൾ മുൻനിറുത്തിയെന്ന് ഉദ്യോഗസ്ഥർ

 എന്നാൽ യുദ്ധം വഷളാകുന്നതിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ജോയിന്റെ ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ട്രംപിനോട് ആശങ്ക ഉന്നയിച്ചെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ

 യു.എസിന്റെ ബോംബ്, മിസൈൽ ശേഖരം കുറയുന്നതും എണ്ണ വില ബാരലിന് 100 ഡോളർ കടന്നതും ആക്രമണം നിറുത്താൻ പ്രേരിപ്പിച്ചെന്ന് റിപ്പോർട്ട്


# യുക്രെയിൻ പ്രകോപനം


കാസ്‌പിയൻ കടലിൽ ഇറാൻ കപ്പലിന് നേരെ യുക്രെയിൻ വ്യോമാക്രമണം. ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെട്ടു. യുക്രെയിൻ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിച്ചു. റഷ്യൻ യുദ്ധക്കപ്പലിനെയും റഷ്യയിലേക്ക് ഇറാനിൽ നിന്ന് സൈനിക ചരക്കുമായി വന്ന കപ്പലുകളെയും ലക്ഷ്യമിട്ടെന്ന് യുക്രെയിൻ പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങളിലെ ആക്രമണത്തിന് റഷ്യ ഇറാന് ഉപഗ്രഹ ഡേറ്റ നൽകി സഹായിക്കുന്നെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു.

# തങ്ങൾ നടത്തിയത് സ്വയം പ്രതിരോധമാണ്. യു.എസ് പ്രകോപനം ആവർത്തിച്ചാൽ യുദ്ധം ഉടൻ ആളിപ്പടരും.

- മുഹമ്മദ് അക്രാമിനിയ,

സൈനിക വക്താവ്, ഇറാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360