
ജനീവ : രണ്ട് തലയും ഒറ്റ ഉടലുമായി ജീവിക്കുന്ന ഒരു ആമ.... ജെയ്‌നസ്. സ്വിറ്റ്‌സർലൻഡിലെ ജനീവ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് 28 വയസുള്ള ഈ അപൂർവ്വ ആമയുള്ളത്. 1997 സെപ്തംബർ 3ന് മ്യൂസിയത്തിൽ തന്നെയാണ് ജെയ്നസ് ജനിച്ചത്. രണ്ട് തലയുള്ള റോമൻ ദേവനായ ജെയ്‌നസിന്റെ പേരാണ് ആമയ്ക്കും നൽകിയത്.
പുറംതോട് ഒന്നാണെങ്കിലും ജെയ്‌നസിന് രണ്ട് തലകൾക്ക് പുറമേ, ഹൃദയം, ശ്വാസകോശം എന്നിവയും രണ്ടെണ്ണം വീതമുണ്ട്. എന്നാൽ ദഹന വ്യവസ്ഥയും മറ്റും ഒന്നാണ്. കാട്ടിലായിരുന്നെങ്കിൽ ഒരുപക്ഷേ, ജെയ്‌നസ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. കാരണം, ആമകളുടെ ഏറ്റവും വലിയ പ്രത്യേകത ശത്രുവിൽ നിന്ന് രക്ഷനേടാൻ സ്വന്തം തല തോടിനുള്ളിലേക്ക് ഒളിപ്പിക്കുന്ന രീതിയാണല്ലോ. എന്നാൽ, ജെയ്നസിന്റെ രണ്ട് തലകൾക്കും ഇതിന് കഴിയില്ല.
അബദ്ധത്തിൽ കമഴ്ന്ന് വീണാൽ പൂർവ്വസ്ഥിതിയിലാകാനും കഴിയില്ല. തലകൾ പരസ്പരം ഉരസുന്നതിനാൽ ചെറിയ മുറിവുകൾക്ക് ചികിത്സയും വേണ്ടിവരുന്നുണ്ട്. മ്യൂസിയത്തിൽ ജെയ്‌നസിന്റെ പരിപാലത്തിനായി പ്രത്യേക ടീമുണ്ട്.
ഓർഗാനിക് സാലഡുകളാണ് ജെയ്നസിന് കഴിക്കാൻ കൊടുക്കുന്നത്. ദിവസവും പ്രത്യേക മസാജും ജെയ്‌നസിന് നൽകുന്നുണ്ട്. അധികൃതരുടെ നിരീക്ഷണത്തിൽ പുറത്ത് നടക്കാനും കൊണ്ടുപോകും. ഹൃദയമിടിപ്പ്, കണ്ണ്, കഴുത്ത്, ആരോഗ്യസ്ഥിതി തുടങ്ങിയവയെല്ലാം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്.
ജെയ്നസിന്റെ രണ്ട് തലകൾക്കും രണ്ട് സ്വഭാവമാണ്. ചിലപ്പോൾ ശാന്തമാണെങ്കിലും ചിലപ്പോൾ അല്പം പ്രശ്നമുണ്ടാക്കാറുണ്ട് ജെയ്നസ്. ജെയ്നസിന്റെ വലത് തല എപ്പോഴും ജിജ്ഞാസയുള്ളതും ഉണർന്നിരിക്കാൻ ഇഷ്ടപ്പെടുന്നതുമാണ്. ഇടത് തലയാകട്ടെ മടിയുള്ള സ്വഭാവവും എപ്പോഴും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതുമാണ്. ഇരട്ടത്തലയുള്ള ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമയാകാം ജെയ്നസ് എന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |