SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.39 AM IST

പുണ്യം വിളമ്പാൻ പമ്പാതീരം

1

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായത്തോടെ അൻപത്തിയാറ് ദിവസം നീണ്ടുനിൽക്കുന്ന വഴിപാട് വള്ളസദ്യയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തുടക്കം. അഞ്ഞൂറിൽപരം വള്ളസദ്യകൾ ഇതിനോടകം ബുക്ക് ചെയ്തു. ഇരുപത് സദ്യാലയങ്ങളിലാണ് ഭക്തർക്ക് വഴിപാട് വിളമ്പുന്നത്, പതിനാറ് സദ്യ കരാറുകാരാണ് സദ്യ ഒരുക്കുന്നത്.

ഞായറാഴ്ച ഉത്രശ്രീബലിക്ക് ശേഷം രാവിലെ ഏഴിന് ആനക്കൊട്ടിലിൽ ദീപപ്രഭ ചൊരിഞ്ഞ നിലവിളക്കുകൾക്ക് മുമ്പിൽ സദ്യ വഴിപാടുകാരൻ നെൽപ്പറകൾ നിറച്ചതോടെ ആറന്മുള ഭഗവാന്റെ വള്ളസദ്യയ്ക്ക് തുടക്കമായി. രണ്ടു നെൽപ്പറകൾ. ഒന്ന് ഭഗവാനും ഒന്ന് പള്ളിയോടക്കരക്കാർക്കും. ആദ്യ ദിവസം പത്ത് പള്ളിയോടങ്ങൾക്ക് സദ്യയുണ്ടായിരുന്നു. നിറപറയും നിലവിളക്കും പൂത്താലവും വെറ്റില പുകയിലയും അഷ്ടമംഗല്യ വിളക്കും ആനക്കൊട്ടിലിൽ നിറഞ്ഞു.

ആദ്യമായി ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തിയത് മേലുകര പള്ളിയോടം. പതിനൊന്നരയോടെ മന്ത്രി കെ.മുരളീധരനും പള്ളിയോട സേവാസംഘം ഭാരവാഹികളും വെറ്റില പുകയില നൽകി പള്ളിയോടത്തെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പിന്നണി ഗായകൻ ജി. വേണുഗോപാലും ഉൾപ്പെടെ പ്രമുഖർ സന്നിഹിതരായി. വഞ്ചിപ്പാട്ടും പൂത്താലവും അഷ്ടമംഗല്യവിളക്കും നാദസ്വരവും മുത്തുക്കുടകളുമായി ക്ഷേത്രമുറ്റത്തേക്ക്. വഞ്ചി​പ്പാട്ടും പാടി വലംവെച്ച് ആനക്കൊട്ടിലിലെത്തി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി ദീപം പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് കൈമാറി. തുടർന്ന് മന്ത്രി മുരളീധരൻ ഭദ്രദീപം തെളിച്ചു. വഴിപാട് വള്ളസദ്യകൾ സദ്യാലയത്തിൽ ആരംഭിച്ചു. വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ ക്ഷേത്രമതിൽക്കകം മുഖരിതമായി. പടിഞ്ഞാറെ ഊട്ടുപുരയിൽ വിശിഷ്ടാതിഥികൾക്ക് സദ്യ ഒരുക്കി.

♦ പമ്പയിൽ വെള്ളം കുറവ്

ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ പമ്പാനദിയിലെ ജല നിരപ്പ് താഴ്ന്നു. വേനൽക്കാലത്തിന് സമാനമാണ് സ്ഥിതി. ഇത് വഴിപാട് പള്ളിയോടങ്ങളുടെ വരവിനെ ബാധിച്ചു. ഇതിനകം രണ്ട് പള്ളിയോടങ്ങൾ നദിയിൽ ഉറച്ചു. ചെറുവള്ളങ്ങളിൽ കെട്ടി വെള്ളമുള്ള ഭാഗത്തേക്ക് നീക്കിയതോടെയാണ് പള്ളിയോടങ്ങൾക്ക് ക്ഷേത്രക്കടവിലേക്ക് യാത്ര തുടരാൻ കഴിഞ്ഞത്. ഇങ്ങനെ പോയാൽ വെള്ളത്തിന്റെ കുറവ് ഉത്രട്ടാതി ജലമേളയെ ബാധിച്ചേക്കും. ഇപ്പോഴത്തെ നില തുടർന്നാൽ ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കി വിട‌ാനുമാവില്ല. ഇടവപ്പാതി തിമിർത്തു പെയ്യേണ്ട സമയമാണിത്. പമ്പാ നദി ഇരുകരയും മുട്ടി ഒഴുകുന്ന ജലസമൃദ്ധമായ കാഴ്ച ഇത്തവണയില്ല. വരും ദിവസങ്ങളിലും മഴ മാറി നിന്നാൽ വഴിപാട് പള്ളിയോടങ്ങളുടെ വരവിനെ ബാധിക്കും. നദിയിൽ തോട്ടപ്പുഴശേരി കരയോട് ചേർന്ന ഭാഗത്ത് കൂടി മാത്രമേ പള്ളിയോടങ്ങൾക്ക് സുഗമമായി തുഴഞ്ഞ് നീങ്ങാൻ കഴിയുന്നുള്ളൂ. ഈ ഭാഗത്ത് കൂടി തുഴഞ്ഞ് യാതൊരു തടസവുമില്ലാതെ കിഴക്ക് നിക്ഷേപമാലി വരെ പോകാം. അവിടെ നിന്ന് തിരിഞ്ഞ് നേരെ ക്ഷേത്രക്കടവിൽ എത്താനും വലിയ തടസമില്ല. എന്നാൽ താഴേക്ക് തുഴഞ്ഞ് സത്രക്കടവിൽ എത്തി തിരിഞ്ഞ് ആറന്മുള നെട്ടായത്തോട് ചേർന്ന് തുഴയെറിഞ്ഞാൽ വള്ളം ഉറയ്ക്കാൻ സാദ്ധ്യതയുണ്ട്.

♦ ഡാമിലും വെള്ളമില്ല

കിഴക്ക് മഴ കുറവായതിനാൽ ഡാമുകളിലും കാര്യമായി ജല നിരപ്പ് ഉയർന്നിട്ടില്ല. അണക്കെട്ടുകളിൽ ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് ജലനിരപ്പ്. മുൻ വർഷങ്ങളിൽ നദിയിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ മണിയാർ അണക്കെട്ട് തുറന്നുവിട്ടാണ് ഉത്രട്ടാതി ദിനത്തിൽ നദിയിലെ ജലനിരപ്പ് ക്രമീകരിച്ചിരുന്നത്. എന്നാൽ ഡാമിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജലസംഭരണി ഇല്ലാത്ത സ്ഥിതിയാണ്. മൂഴിയാർ പവർ ഹൗസിൽ ജനറേഷൻ പൂർണമായി നടക്കാത്തതിനാൽ മൂഴിയാർ ഡാമിലും വെള്ളം അധികമില്ല.

പമ്പയുടെ പ്രധാന പോഷക നദികളായ അഴുത, കക്കാട്ടാറ്, കല്ലാറ് എന്നിവിടങ്ങളിലൂടെയുള്ള ജലപ്രവാഹവും കുറഞ്ഞു. നദിയുടെ അടിത്തട്ട് തോണ്ടി മണൽ നീക്കിയാൽ പ്രശ്‌നം പരിഹരിക്കാമെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ഇത് പരിഹാരമല്ലെന്ന് മാത്രമല്ല, പമ്പാ നദിയുടെ നാശത്തിനും കാരണമാകുന്നു. ആറന്മുളയിൽ നദിയുടെ അടിത്തട്ടിൽ കാര്യമായ മണൽ ശേഖരമില്ലെന്നാണ് സമീപകാല പഠനം വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ മഴ കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് കരക്കാരും പള്ളിയോട സേവാ സംഘവും.

വേനൽക്കാലത്ത് നദിയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് മൺപുറ്റ് രൂപപ്പെട്ടിട്ടുണ്ട്. പള്ളിയോടങ്ങളുടെ വരവിനും പോക്കിനും മൺപുറ്റുകൾ തടസമാണ്. കരക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. എല്ലാ വർഷവും മൺപുറ്റ് നീക്കുന്നതിന് സർക്കാർ ലക്ഷങ്ങൾ ചെലവാക്കുന്നുണ്ട്. ചെളിയും മണലും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ ജലവിഭവ വകുപ്പ് അടയാളപ്പെടുത്തി മൺപുറ്റ് നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടേയുള്ളൂ. നേരത്തേ ചെയ്യേണ്ട ജോലികൾ കരകളിൽ ഭക്തരുടെ പ്രതിഷേധം ഉയരുമ്പോൾ മാത്രമാണ് നടത്തുന്നത്. ഈ മനോഭാവത്തിന് മാറ്റം വരേണ്ടതുണ്ട്. ഇല്ലെങ്കിൽ അപകടം വിളിച്ചു വരുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAMBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY