SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.54 AM IST

ഉമിത്തീയിലെരിക്കുന്ന ലഹരിഉന്മാദങ്ങൾ

1

പശുക്കച്ചവടക്കാരനാണ് ബിജു (38). പശുവിനെ കറക്കാനായി വിളിക്കാനെത്തിയ അമ്മ ബേബിയാണ് മുറിയിലെ കട്ടിലിന് മുകളിൽ രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് മനസിലായി. തുടർന്ന് ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തി. കഴുത്തിലും മറ്റുമുള്ള 48 മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കഴിഞ്ഞ 19ന് പുലർച്ചെയാണ് പാളയം ബസ് സ്റ്റാൻഡിന് പിന്നിലുള്ള ഒറ്റമുറി വീട്ടിൽ മരിച്ച ബിജുവിന്റെ ജീവനെടുത്തത് ബന്ധുവും ലഹരിക്ക് അടിമയുമായ ദീപക് എന്ന യുവാവ് (21).

ലഹരിക്ക് അടിമയാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. യുവാക്കൾ പ്രതികളാകുന്ന കേസുകളും. ഏറ്റവുമൊടുവിൽ കോഴിക്കോട് നഗരത്തെ നടുക്കിയ അരുംകൊലയ്ക്കു പിന്നിൽ 21 കാരനായ ദീപക്ക് ആണെന്നത് പൊലീസിനെയും ഞെട്ടിച്ചു. കോഴിക്കോട് പാളയം സ്വദേശി ബിജുവാണ് (38) കൊല്ലപ്പെട്ടത്. കൊന്നതാകട്ടെ ദീപക്കിന്റെ പിതാവിന്റെ ബന്ധുവിനെയും. ദീപക്കിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സിറ്റി പൊലിസ് കമ്മിഷണർ എ.പി.ഷൗക്കലി പറഞ്ഞു. ചെറിയ കാര്യങ്ങൾക്കും പെട്ടെന്ന് പ്രകോപിതനാകും. അക്രമാസക്തനാകുമ്പോൾ ആരെയും പരിക്കേൽപ്പിക്കും. ലഹരി ഉപയോഗിക്കുമ്പോഴുള്ള സ്ഥിതി കൂടുതൽ അപകടകരം. ദീപക്കിന്റെ പേരിൽ മുൻപും കഞ്ചാവ് കേസുണ്ട്. ബി.എ ലിറ്ററേച്ചർ കോഴ്സ് ദീപക്ക് പൂർത്തിയാക്കിയിരുന്നു. എന്നിട്ടും പോയത് ലഹരി വഴിയേ.

ബിജു കൊല്ലപ്പെട്ടതിൽ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ വ്യക്തി വെെരാഗ്യത്തെ തുടർന്ന് സ്വയം ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് വ്യക്തമായി. കോഴിക്കോട് നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതി ദീപക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് കുറ്റിയിൽതാഴം സ്വദേശിയാണ് ദീപക്ക്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ. പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കൊലപാതകം നടന്ന് 48 മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 19ന് പുലർച്ചെയാണ് പാളയം ബസ് സ്റ്റാൻഡിന് പിന്നിലുള്ള ഒറ്റമുറി വീട്ടിൽ പുലർച്ചെ മൂന്നോടെ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പശുക്കച്ചവടക്കാരനാണ് ബിജു. പശുവിനെ കറക്കാനായി വിളിക്കാനെത്തിയ അമ്മ ബേബിയാണ് മുറിയിലെ കട്ടിലിന് മുകളിൽ രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കഴുത്തിലും മറ്റുമുള്ള 48 മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മൃഗീയമായാണ് ദീപക്ക് ബിജുവിനെ കൊന്നതെന്ന് സാരം. ബിജുവിനോട് അത്രയും പകയുണ്ടായിരുന്നു ദീപക്കിന്. പക ആളിക്കത്തിച്ചത് ഒരുപക്ഷേ ലഹരിയാകാം. ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചിരുന്നു. മൂന്ന് വർഷം മുൻപ് ബിജുവും ദീപക്കും തമ്മിൽ അടിപിടിയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വർദ്ധിക്കാൻ ഇതെല്ലാം കാരണമായി.

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നിർദ്ദേശിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ബിജുവിന്റെ ആ നീക്കം ദീപക്കിൽ വെെരാഗ്യമായി വളർന്നു. സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. രണ്ടു ദിവസത്തിനകം പ്രതിയെ പിടിച്ചതും അതുകൊണ്ടാണ്. നഗരഹൃദയത്തിൽ നടന്ന സംഭവം ഏറെ ഗൗരവത്തോടെയാണ് പൊലീസ് കണ്ടത്. ടൗൺ എ.സി.പി കെ.വി.പ്രമോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി. കസബ ഇൻസ്പെക്ടർ പി.ജെ.ജിമ്മി, ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് തുടങ്ങി നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം ഫലം കണ്ടു. ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തു. ശാസ്ത്രീയ തെളിവും സി.സി.ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു.

ആയുധം ഉപയോഗിച്ച രീതി മൃഗീയം

തലങ്ങും വിലങ്ങുമായി കുത്തിയും വരഞ്ഞും വെട്ടിയുമാണ് ബിജുവിനെ കൊന്നത്. എന്നാൽ അതിന് ഉപയോഗിച്ച ആയുധമേതെന്ന് വ്യക്തമായിട്ടില്ല. ചെറിയ ആയുധമാണെന്ന് പൊലീസ് പറഞ്ഞു. എന്നാലത് ഉപയോഗിച്ച രീതി വ്യത്യസ്തമായിരുന്നു. മാനസിക അസ്വാസ്ഥ്യവും പകയും ലഹരിയും കൂടിക്കലർന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കൊലപാതകമെന്ന് വേണം കരുതാൻ. കൊല നടത്തിയ ശേഷം വീട്ടിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞു. ദീപക്കിന്റെ ശരീരത്തിലുണ്ടായ മുറിവുകൾ, കൊല്ലപ്പെട്ട ബിജുവുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യം, ലഭ്യമായ ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതി ദീപക്കാണെന്ന് പൊലീസ് ഉറപ്പിച്ചത്. സ്വന്തമായി വാഹനമില്ലാത്ത ദീപക്ക് അച്ഛന്റെ വാഹനം ഉപയോഗിച്ചാണ് സ്ഥലത്തെത്തിയത്. പ്രതിയുടെ വീട്ടിൽ നിന്ന് കൊല്ലപ്പെട്ട ബിജുവിന്റെ മൊബൈൽ ഫോണും ബിജുവിന്റെ സ്‌കൂട്ടറിന്റെ താക്കോലും പൊലീസ് കണ്ടെടുത്തു.

 ബോക്സിംഗ് ഹരം

യു ട്യൂബിൽ ബോക്സിംഗ് കണ്ട് ആവേശം കൊള്ളുന്ന പതിവ് ദീപക്കിനുണ്ടായിരുന്നു. ബോക്സിംഗിൽ കാണുന്നതു പോലെ പലരെയും ഇടിക്കാൻ ശ്രമിച്ചു. ഒരിക്കൽ വീട്ടിലെത്തിയ അയൽക്കാരനെ ബോക്സിംഗ് രീതിയിൽ മുഖത്തിടിച്ചു. കെെമുട്ട് കൊണ്ട് മർദ്ദിക്കാൻ ശ്രമിക്കുന്ന പതിവും ഉണ്ടായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് ദീപക്കിന്റെ പേരിൽ കേസുണ്ട്. രണ്ട് പേരെ മർദ്ദിച്ചതിന് കസബ സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. അത് രക്ഷിതാക്കൾ ഇടപെട്ട് തീർപ്പാക്കി. യുവാക്കളെ ലഹരിവഴിയിൽ നിന്ന് തിരികെ കൊണ്ടുവരാൻ സർക്കാർ തലത്തിൽ ഉൾപ്പെടെ ശ്രമം വേണമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION