SignIn
Kerala Kaumudi Online
Monday, 13 July 2026 6.37 AM IST

തൃപ്രയാറിലെ കവർച്ച: ഒരു പ്രതിയെകൂടി പിടിയിൽ

alen-k-jayan
പിടിയിലായ അലൻ കെ ജയൻ

അന്തിക്കാട് : തൃപ്രയാറിൽ കാർ തടഞ്ഞുനിറുത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെകൂടി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പീച്ചി മയിലാടുംപാറ സ്വദേശി കോലയിൽ വീട്ടിൽ അലൻ കെ. ജയൻ (20) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ബംഗളൂരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ അലൻ,രണ്ടാം പ്രതിയായ ഷനിൽ എന്ന കണ്ണന്റെ മുഖ്യ സഹായിയാണ്.

കഴിഞ്ഞ ജൂൺ 19ന് രാത്രി 8.45ഓടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയ വഴി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ ആക്കി നൽകാമെന്ന് വിശ്വസിപ്പിച്ച്, പാലക്കാട് സ്വദേശികളായ ബിനാൻസ് എക്‌സ്‌ചേഞ്ച് വഴി ക്രിപ്പ്‌റ്റോ ട്രേഡിംഗ് നടത്തുന്ന ഇടപാടുകാരെ പ്രതികൾ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദുബായിലുള്ള നബീൽ എന്നയാളുടെ ബിനാൻസ് വാലറ്റിലേക്ക് യു.എസ്. ഡോളർ ക്രെഡിറ്റ് ചെയ്യുന്നതിന് പകരമായി നാട്ടിൽ കൈമാറാൻ കൊണ്ടുവന്ന 16,25,000 രൂപയുമായി പാലക്കാട് വിളയൂർ സ്വദേശികളായ മുഹമ്മദ് റാഫി, മുഹമ്മദ് അസ്ലം, അജിത്ത് കുമാർ, അബ്ദുൾ മജീദ് എന്നിവർ കാറിലാണ് എത്തിയത്. കവർച്ചാ സംഘത്തിലെ രണ്ട് പ്രതികൾ പാലക്കാട്ടുനിന്നുതന്നെ ഇവരുടെ കാറിൽ ഒപ്പം കയറി പണം കൈവശമുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു.


തുടർന്ന് കാർ തൃപ്രയാർ അമ്പലം വഴി പൈനൂർ ആമലത്ത് അമ്പലത്തിന് സമീപം എത്തിയപ്പോൾ ഇന്നോവ കാർ കുറുകെ നിറുത്തി ആക്രമിക്കുകയായിരുന്നു. തുടർന്നാണ് കവർച്ച. അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ് പി.സന്തോഷ് കുമാർ, അന്തിക്കാട് സ്റ്റേഷൻ എസ്.എച്ച്.ഒ. വി.എം. കേഴ്‌സൺ, എസ്.ഐമാരായ എം. അഫ്‌സൽ, പി. ജയകൃഷ്ണൻ, ജി.എ.എസ്.ഐ രാജു പി.വി., ജി.എ.എസ്.ഐ ജീവൻ ഇ.എസ്., ജി.എസ്.സി.പി.ഒ സോണി പി എക്‌സ്, ജി.എസ്.സി.പി.ഒ കൃഷ്ണദാസ്, സി.പി.ഒ സുർജിത് സാഗർ എന്നിവരാണ് ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY