
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ടോയ്‌ലെറ്റിൽ പ്രസവിച്ച യുവതി ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ക്ലോസെറ്റിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് വണ്ടിത്തടം സ്വദേശിയായ 20കാരി അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
പ്രാഥമിക പരിശോധനയ്ക്കിടെ ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അവിവാഹിതയാണെന്നും ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചാണ് ആശുപത്രിയിലെത്തിയതെന്നും കണ്ടെത്തി. ഇന്റർനെറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്.
ഇതാണ് രക്തസ്രാവത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഡോക്ടറെ കണ്ടശേഷം ടോയ്‌ലെറ്റിൽ കയറിയ യുവതി അവിടെ പ്രസവിക്കുകയും പിന്നീട് ഫ്ളഷ് ചെയ്യുകയുമായിരുന്നു. പ്രസവശേഷം പുറത്തിറങ്ങിയ യുവതിക്ക് കടുത്ത ബുദ്ധിമുട്ടുകളും അമിത രക്തസ്രാവവുമുണ്ടായി. തുടർന്ന് സംശയം തോന്നിയ ജീവനക്കാരും അധികൃതരും നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് ഭ്രൂണത്തെ പുറത്തെടുത്തത്. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് വരികയാണെന്നും മെഡിക്കൽ,ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |